പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ചു യൂസഫലി , പ്രശംസിച്ച് മന്ത്രി റിയാസ്
Tuesday, August 3, 2021 8:43 PM IST
ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം നടത്തുന്ന പതിനൊന്നാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ ഫ്ലാഗ് ഓഫ് കര്‍മം പ്രമുഖ വ്യവസായി എം.എ. യൂസഫലി നിര്‍വഹിച്ചു. ഫ്ലാഗ് ഓഫ് കര്‍മ്മത്തിന്‍റെ ഉദ്ഘാടനം കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സമാജം പ്രസിഡന്‍റും ലോക കേരള സഭ അംഗവുമായ കുര്യന്‍ പ്രക്കാനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയർ പാട്രിക് ബ്രൗൺ, ടൊറന്‍റോയിലെ ഇന്ത്യന്‍ കോൺസൽ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ ,എ.എം. ആരിഫ് എംപി , റൂബി സഹോട എംപി , മന്ത്രി പരം ഗ്രിൽ, പ്രബ്മീറ്റ് സിംഗ് സർക്കാരിയ എംപിപി, സോണിയ സിന്ധു എംപി, കമൽ ഖേറാ എംപി, അമർജോട്ട് സന്ധു എംപിപി, ഗോകുലം ഗോപാലൻ, പ്രശസ്ത സിനിമ സീരിയല്‍ നടി ശ്രീധന്യ തുടങ്ങിയവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.

ഓഗസ്റ്റ് 21 ന് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി ബ്രാംപ്ടണിലെ പ്രോഫ്ഫസ്സേഴ്സ്‌ ലേക്കിൽ നടക്കുന്നത്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി ആസ്ഥാന മന്ദിരത്തില്‍ കനേഡിയന്‍ നെഹ്രു ട്രോഫീയുടെ പതാക ഉയര്‍ത്തി വീശിയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. വിദൂരതയിൽ ഇരുന്നും എങ്ങനെ പ്രൗഢഗംഭീരമുള്ള ഒരു വള്ളംകളി നടത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്ന സമാജം ഭാരവാഹികളെ എം.എ. യൂസഫലി അനുമോദിച്ചു. ഈ വർഷം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് കരുതിയിരുന്ന അദ്ദേഹം കോവിഡ് സാഹചര്യങ്ങളും മറ്റു സാങ്കേതിക പ്രശ്നങ്ങളും പരിഗണിച്ചു തന്റെ കാനഡ സന്ദർശനം അടുത്ത വർഷത്തെ വള്ളംകളിയിലേക്കു മാറ്റിവെച്ചതായി പ്രഖാപിച്ചു. അടുത്ത വര്ഷം ഓഗസ്റ്റ് 30 നു വള്ളംകളി നടത്തുമെന്ന പ്രഖ്യാപനം മേയര്‍ പാട്രിക്ക് ബ്രൌണ്‍ യോഗത്തിൽ നടത്തി.

വിജയകരമായി ഇത്രയും മികച്ച നിലയിൽ കൂട്ടായ പ്രവർത്തനത്തിലൂടെ വള്ളം കളി മുന്നോട്ട് കൊണ്ടുപോയ ബ്രാംപ്ട്ടൻ മലയാളി സമാജത്തിന്റെ ഭാരവാഹികളെയും പ്രവർത്തകരെയും ഉദ്ഘാടന പ്രസംഗത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിച്ചു.

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാൻ കേരള ടൂറിസത്തിന് ഇത്തരം പരിപാടികൾ ഊർജ്ജം നൽകും. കേരള ടൂറിസത്തിന്‍റെ യഥാർത്ഥ പ്രചാരകരാവാൻ സാധിക്കുന്നത് നമ്മുടെ അതി വിപുലമായ പ്രവാസി ജനസമൂഹത്തിനുതന്നെയാണ്. അവർക്ക് അതിനാവശ്യമായ പ്രഫഷണൽ പരിശീലനങ്ങളും പദ്ധതികളും കേരള ടൂറിസം നടപ്പിലാക്കുന്ന കാര്യം ആലോചനയിലുണ്ട്. അഭിമാനത്തോടെ ലോകത്തിന്‍റെ ഏതു കോണിലിരുന്നും കേരള ടൂറിസത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും ആകർഷിപ്പിക്കാനും ഉതകും വിധം നമ്മുടെ പ്രവാസി സമൂഹത്തിന് ഇടപെടാനുള്ള അവസരം ഒരുക്കാനാണ് ആഗ്രഹിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വികാസം ഇക്കാര്യത്തിൽ വലിയ തുണയാകും. കാനഡ സർക്കാരിന്‍റെ പിന്തുണ ഉറപ്പുവരുത്തി നടത്തുന്ന നെഹ്റു ട്രോഫി വള്ളം കളി കേരള ടൂറിസത്തിൻ്റെ പ്രചരണം കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത് - മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.



ആലപ്പുഴയുടെ ആവേശം ഉള്‍കൊണ്ടു കാനഡയില്‍ നടക്കുന്ന കനേഡിയന്‍ നെഹ്രു ട്രോഫിക്കു എല്ലാ ആശംസകളും നേരുന്നതായി ആലപ്പുഴ എംപി എ എം അരീഫ് പറഞ്ഞു. കോവിഡ് മഹാമാരിയില്‍ കേരളത്തില്‍ മുടങ്ങിയ വള്ളംകളി കാനഡയില്‍ നടക്കുന്നതു എല്ലാ വള്ളംകളി പ്രേമികളും ആവേശത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമാജം ജനറല്‍ സെക്രട്ടറി ലതാ മേനോന്‍ സ്വാഗതവും സമാജം സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ നന്ദിയും പറഞ്ഞു. ഫൊക്കാനാ പ്രസിഡന്‍റ് ജോർജി വർഗീസ് ,സെക്രട്ടറി സജിമോൻ ആന്‍റണി ,ബോർഡ് ഓഫ് ട്രസ്റ്റീ ചെയർ ഫിലിപ്പോസ് പിലിപ്പ് , നാഷണൽ ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ ഇൻ കാനഡ വൈസ് പ്രസിഡന്‍റ് അജു ഫിലിപ്പ്,ഫൊക്കാന മുൻ പ്രസിഡന്‍റ് പോൾ കറുകപ്പള്ളിൽ, തുടങ്ങിയവർ ആശംസകൾ നേർന്നു.