റെനി പൗലോസ് മങ്കയുടെ പ്രസിഡന്‍റ് സ്ഥാനാർഥി
Sunday, August 1, 2021 3:05 PM IST
സാൻ ഫ്രാൻസിസ്‌കോ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയയുടെ (മങ്ക) പ്രസിഡന്‍റ് സ്ഥാനാർഥിയായി റെനി പൗലോസ് മത്സരിക്കുന്നു. അമേരിക്കൻ മലയാളികളുടെ നാഷണൽ സംഘടനയായ ഫോമയുടെ നാഷണല്‍ കമ്മറ്റിയില്‍ ആദ്യം വനിതാ പ്രതിനിധിയായി. പിന്നീട് എക്‌സിക്ക്യുട്ടിവ് കമ്മറ്റിമെമ്പറായി. ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് റെനിയാണ്.

സംഘടന സ്ഥിതിഗതികളെ മനസിലാക്കി പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് റെനി പൗലോസ് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സംസ്‌കാരം ഭാവി തലമുറയ്ക്കു നല്‍കുന്ന റോള്‍ മോഡല്‍ ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. മങ്ക വളരെയേറെ നല്ല കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്. തന്‍റെ ആത്മവിശ്വാസവും, പ്രവര്‍ത്തന ശൈലിയും, സൗഹൃദ ബന്ധങ്ങളുമാണ് മങ്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് റെനി പറഞ്ഞു.

മങ്കയുടെ ഇലക്ഷനില്‍ പാനല്‍ സിസ്റ്റത്തോടു താല്‍പര്യമില്ല. പാനലായി നിന്നാലേ വിജയിക്കുവാൻ കഴിയുകയുള്ളു എന്ന ധാരണ തെറ്റാണ് എന്നാണ് റെനിയുടെ വ്യക്തിപരമായ അഭിപ്രായം. നേതൃസ്ഥാനത്തേക്കു വരുവാന്‍ പറ്റിയ അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള വിവേകം മങ്കയുടെ അംഗങ്ങള്‍ക്കുണ്ട്. മങ്കയുടെ വളര്‍ച്ചയ്ക്കു പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരെ അംഗങ്ങള്‍ തെരഞ്ഞെടുക്കണം. അതിന് പാനലോ, പാര്‍ട്ടിയോ, മതമോ ഒന്നും തടസമാകരുത്. താന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കു വന്നാല്‍, എല്ലാവരോടും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് റെനി ഉറപ്പിച്ചു പറയുന്നു.

റെനി പൗലോസ് ബിഎസ് സി പാസായതിനു ശേഷം കാനഡയിലെത്തി. അവിടെ ആര്‍എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കലിഫോര്‍ണിയായിലേക്കു താമസം മാറ്റി. ഇവിടെ കൈസറിലും അലമേദ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ സെന്ററിലും ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷനിസ്റ്റ് ആയി ജോലി ചെയ്ത ശേഷം ഇപ്പോൾ ജോൺ മ്യൂർ ഹെൽത്ത് സെന്ററിൽ ഇൻഫെക്ഷൻ കൺട്രോൾ പ്രാക്ടീഷണർ ആയി സേവനം അനുഷ്ഠിക്കുന്നു.

റിപ്പോർട്ട്: പന്തളം ബിജു തോമസ്