ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്
Friday, July 23, 2021 4:35 PM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ പേരിൽ വ്യാജ പ്രസ്താവനകൾ ഇറക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫൊക്കാനയുടെ പേരില്‍ ചിലർ തെറ്റായ പ്രസ്താവനകള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ അംഗസംഘടനകളും ഫൊക്കാന സ്‌നേഹിതരും യാതൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും ഫൊക്കാന നേതൃത്വം സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക, കാനഡ ഉൾപ്പെടുന്ന നോർത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാന ഒന്നേയുള്ളൂവെന്നും 2020 ജൂലൈ മാസത്തില്‍ നിയമാനുസൃതം തെരഞ്ഞടുക്കപ്പെട്ട ജോര്‍ജി വര്‍ഗീസ് പ്രസിഡന്‍റും സജിമോന്‍ ആന്‍റണി സെക്രട്ടറിയുമായ ടീമാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

2020 നവംബറിൽ നടന്ന അധികാര കൈമാറ്റചടങ്ങിൽ 2018-2020 ഭരണ സമിതിയിലെ പ്രസിഡന്‍റ് മാധവന്‍ ബി. നായര്‍ തന്റെ കമ്മിറ്റിയുടെ ചുമതല പുതിയ ഭരണസമിതിയുടെ പ്രസിഡന്‍റ് ജോർജി വര്ഗീസിന് കൈമാറിയിട്ടുള്ളതാണെന്ന വിവരം ഏവര്‍ക്കും അറിവുള്ളതാണ്. ഫൊക്കാനയില്‍ 2018-2020 വരെ ഉണ്ടായിരുന്ന മൂന്ന് സംഘടനകള്‍ ഒഴികെ മുഴുവൻ സംഘടനകളുടെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പും സെക്രെട്ടറി സജി പോത്തനും വൈസ് ചെയർമാൻ ബെൻ പോളും വ്യകത്മാക്കി.അതിനു പുറമെ പുതുതായി നിരവധി സംഘടകൾ കൂടി അംഗത്വമെടുത്തതോടെ ഫൊക്കാനയുടെ പ്രവർത്തനം കൂടുതൽ ഊർജ്വസലമായതായി അവർ കൂട്ടിച്ചേർത്തു.

ഫൊക്കാനയെ നശിപ്പിക്കാന്‍ വര്‍ഷങ്ങളായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘടനാ പിന്‍ബലം ഇല്ലാത്ത ചില വ്യക്തികള്‍ സ്വന്തം പേരിലും ഭാര്യയുടെ പേരിലും സംഘടനയുണ്ടാക്കി നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഈ വ്യക്തികളെക്കുറിച്ചുളള ചരിത്രവും അവര്‍ സമൂഹത്തില്‍ നടത്തിയിട്ടുള്ള ദുഷ്പ്രവൃത്തികളും പൊതുജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഇത്തരം വ്യാജന്മാരെ തിരിച്ചറിയാനുള്ള വിവേകം ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാരവാഹികൾക്കും അംഗങ്ങൾക്കും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികള്‍, യുവാക്കള്‍, വനിതകള്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ള പൊതുജനങ്ങളുടെ താല്‍പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് നോർത്ത് അമേരിക്കയിലെയും കാനഡയിലെയും സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക -അഥവാ ഫൊക്കാന ( federation of kerala association in north america -FOKANA) ശക്തമായി മുന്നേറുകയാണ്. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലയളവില്‍ 42ൽപരം പ്രോഗ്രാമുകള്‍ നടത്തി അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇതിന് തുരങ്കം വെയ്ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ ശ്രമം വിഫലമായിപ്പോകുമെന്ന് മാത്രം സൂചിപ്പിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.

ഫൊക്കാനയുടെ ദ്വൈവാർഷിക കണ്‍വന്‍ഷന്‍ 2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ നടക്കുമെന്നും അതിനുള്ള വിപുലമായ ഒരുക്കങ്ങൾ ഫൊക്കാനയുടെ കൺവെൻഷൻ കമ്മിറ്റികൾ നടത്തി വരികയാണെന്നും നേതാക്കൾ അറിയിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ