വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജണൽ സംഗമം അവിസ്മരണീയമായി
Friday, June 25, 2021 6:18 PM IST
ന്യൂയോർക്ക്: വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജണൽ സമ്മേളനം ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്നു. കൊട്ടിലിയോൺ റസ്റ്ററന്‍റിൽ നടന്ന സമ്മേളനത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ടും സൂമിലുമായി പങ്കെടുത്തു.

1922 -ൽ അമേരിക്കയിലെ ടോളിഡോ ഒഹായിയോയിൽ ജഡ്ജ് പോൾ വില്ല്യയം അലക്സാണ്ടർ ചില സാമൂഹ്യപ്രതിബദ്ധ്യതയുള്ള ചെറുപ്പക്കാരൊപ്പം മദ്ധ്യാഹ്നഭക്ഷണവേളയിൽ മനുഷ്യനന്മയെ ലക്ഷ്യമാക്കി ആരംഭിച്ച ചെറുകൂട്ടം ഇന്നു 75 രാജ്യങ്ങളിലായി മുപ്പതിനായിരത്തോളം സന്നദ്ധ സേവകരുള്ള വൈസ്‌മെൻ ഇൻറ്റർനാഷണൽ (YMI) ആയി വളർന്നു. ജീസസ് ക്രൈസ്റ്റിന്‍റെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി, YMCA യുടെ പാർശ്വസംഘടനയായി ലോകത്തെ സേവിക്കുക എന്ന ഒറ്റലക്ഷ്യത്തിൽ തുടങ്ങിയ സംഘടന എല്ലാ മതവിശ്വാസികളെയും ഉൾകൊള്ളുന്ന മനുഷ്യനന്മയുടെ വൈകാരികമായ കൂട്ടായ്മയായി രൂപപ്പെട്ടു.

ക്ലബിന്‍റെ നൂറാം ജന്മദിനാഘോഷത്തിന്റെ പ്രൗഢഗംഭീരമായ പ്രഥമകിക്കോഫ് അന്തർദേശീയ നേതാക്കളൊപ്പം ആഘോഷിക്കപ്പെട്ടു. അന്തർദേശീയ പ്രസിഡന്‍റ് ജേക്കബ് ക്രിസ്റ്റൻസെൻ ഡെന്മാർക്കിൽ നിന്നും ഷാംപൈയൻടോസ്റ്റ്‌ ചെയ്ത് കിക്കോഫ് ചെയ്തപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും നൂറുകണക്കിനു അംഗങ്ങൾ തത്സമയം ടോസ്റ്റിൽ പങ്കുചേർന്നു. മൂര്‍ത്തമായകൂടിച്ചേരൽ ഒരു പൂരത്തിമിർപ്പോടെ ആവേശമായിമാറി.'അവനവനെ അറിയുക, ശരിയായ മൂല്യം യുക്തിപൂർവ്വമായി തിരിച്ചറിയുക എന്നതാകട്ടെ വ്യക്തിയുടെയും ക്ലബിന്‍റേയും ആധാരശില' എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമായി ന്യൂയോർക്ക് സിറ്റിയിലുള്ള ഫുഡ് ബാങ്ക്സിനു 30,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ യുഎസ് എരിയക്കു കഴിഞ്ഞു എന്ന് റീജണൽ ഡയറക്ടർ ജോസഫ് കാഞ്ഞമല പ്രഖ്യാപിച്ചു. ഇതിനായി സംഭാവന നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. അമേരിക്കയിൽ ഏറെക്കാലം നിലനില്‍ക്കുന്ന 10 ക്ലബുകളെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു. ഇതിൽ ചില ക്ലബുകൾക്കു നൂറിനടുത്തു വയസായിക്കഴിഞ്ഞു. ക്ലബിന്‍റെ ചരിത്രം അടങ്ങുന്ന, എല്ലാ ആനുകാലിക പ്രവർത്തങ്ങളുടെയും സചിത്ര സ്‌മാരകഗ്രന്ഥം പുറത്തിറക്കി. റീജണൽ ഡയറക്ടർ ജോസഫ് കാഞ്ഞമല എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

നൂറുവർഷങ്ങൾ ക്ലബിന്‍റെ പ്രവർത്തകനായിരുന്ന എല്ലാ നല്ലമനസുകൾക്കും പ്രണാമം അർപ്പിച്ചുകൊണ്ട് ഹവായിൽ നിന്നും യുഎസ് ഏരിയ പ്രസിഡന്‍റ് ബോബി സ്റ്റിവേർസ്‌കി അപ്‌കിയും ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർ ഹെൻറി വില്ലിയം വാൾട്ടറും ആശംസകൾ നേർന്നു. തെരഞ്ഞെടുത്ത 10 ഗ്രാൻഡ് ഓൾഡ് ക്ലബുകളെ അവതരിപ്പിച്ചത് മുൻ യു എസ്‌. ഏരിയ പ്രസിഡന്‍റുമാരായ ചാർളി റെഡ്‌മാൻഡും റ്റിബോർ ഫോക്കിയുമായിരുന്നു.

ഓസ്ട്രേലിയലിൽ നിന്നും മുൻ അന്തർദേശീയ പ്രസിഡന്‍റ് ജെന്നിഫർ ജോൺസ്‌, കൊറിയയിൽ നിന്നും അന്തർദേശീയ പ്രസിഡന്‍റ് ഇലക്ട് ഡോ. കിം സാങ് ചെ, ബംഗളൂരുവിൽ നിന്നും പ്രസിഡന്‍റ് എലെക്ട് ഡോ. കെ. സി. സാമുവേൽ, അന്തർദേശീയ സെക്രട്ടറി ജനറൽ ജോസ് വർഗീസ് എന്നിവർ ആശംസകൾ പങ്കുവച്ചു. പുതിയ യുഎസ് ഏരിയ പ്രസിഡന്‍റ് ആയി ഷാജു സാം, യുഎസ്. ഏരിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഡേവിഡ് വർക്ക്മാൻ, നോർത്ത് അറ്റ്ലാന്‍റിക് റീജണൽ ഡയറക്ടർ ഡോ. അലക്സ് മാത്യു, റീജണൽ സെക്രട്ടറി എഡ് വിൻ കാത്തി, മറ്റു ഭാരവാഹികളെ എല്ലാം സ്ഥാന ചിഹ്നങ്ങൾ അണിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജോസഫ് മാത്യൂസ് എഡിറ്ററായി പുറത്തിറക്കിയ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. പുതിയ ഭാരവാഹികൾ മറുപടിപ്രസംഗം നടത്തി.



നോർത്ത് അറ്റ്ലാന്‍റിക് റീജണിന്‍റെ സമകാലിക സംക്ഷിപ്ത ചരിത്ര വീഡിയോ അവതരിപ്പിച്ചു. അനുബന്ധ വിശദീകരണങ്ങൾ റീജണൽ സെക്രട്ടറി എഡ്വിൻ കാത്തി നൽകി. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്ന സംഘടനയോട് ചേർന്ന് പാവപ്പെട്ടവർക്ക് ഭവനം നിർമിച്ചു കൊടുക്കുന്ന പദ്ധതിയിൽ നേരിട്ടു പങ്കാളിയായി, കോവിഡ് -19 ന്യൂയോർക്കിൽ മരണം വിതച്ചപ്പോൾ മുന്നണിയിൽ നിന്നു പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരായ ക്ലബ് അംഗങ്ങളെ അംഗീകരിക്കുക മാത്രമല്ല, ആരും കടന്നു ചെല്ലാൻ മടിച്ച ഇടങ്ങളിൽ ആരോഗ്യപ്രവർത്തകർക്കു ഭക്ഷ്യങ്ങളും സ്വാന്തനങ്ങളുമായി എത്തി മികച്ച പബ്ലിക് റിലേഷൻസ് പ്രവർത്തനം കാഴ്ചചെയ്ക്കാനും സാധിച്ചു. ലാറ്റിൻ അമേരിക്കയിലെ ഹോണ്ടുറാസിൽ പുതിയ ക്ലബ് സംഘടിപ്പിക്കുവാനും സാധിച്ചു. പാവപ്പെട്ടവർക്ക് വിന്‍റർ കോട്ടുകൾ, ഷെൽറ്ററുകളിൽ താമസിക്കുന്ന സ്ത്രീകൾക്കു അത്യാവശ്യം വേണ്ട സാമഗ്രികൾ ഉൾപ്പെടെ ഹാൻഡ് ബാഗുകൾ, ഭക്ഷണ വിതരണം, രക്തദാനം, ശാരീരികമായ വൈകല്യത്താല്‍ വിഷമിക്കുന്നവർക്ക്‌ 70 വീൽചെയർ വിതരണം ചെയ്യുക, തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായാണ് പരിമിതികൾക്കുള്ളിൽ നിന്നു പ്രവർത്തിച്ചത്. റീജണൽ ട്രഷറർ ഡേവിഡ് വർക്ക്മാൻ വാർഷിക കണക്കുകൾ അവതരിപ്പിച്ചു.

ലോംഗ് ഐലൻഡ് ക്ലബ് പ്രസിഡന്‍റ് വർഗീസ് ഗീവർഗീസ് (ക്രിസ്ത്യൻ ഫ്ലാഗ്), ഫ്ലോറൽ പാർക്ക് ക്ലബ് പ്രസിഡന്‍റ് ചെറിയാൻ ജോർജ് ( അമേരിക്കൻ ഫ്ലാഗ്), വെയ്ക്ക് ഫീൽഡ് ക്ലബിലെ എറിക് വർക്ക്മാൻ (വിളക്ക്), സുഗൻ ജോസഫ് ഗോമസ് (ബൈബിൾ), എന്നിവർ ഘോഷയാത്രക്കു നേതൃത്വം നൽകി. വെച്ചെസ്റ്റർ ക്ലബ് പ്രസിഡന്റ് ഷാജി സഖറിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ക്ലബ്ബ്കളിൽ നിന്നുള്ള കലാപരിപാടികൾ മിഴിവേകി. അന്തർദേശീയ പബ്ലിക് റിലേഷൻസ് ഡയറക്ടർ വർഗീസ് കോരസൺ നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ