ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം: യുഎന്‍ സെക്രട്ടറി ജനറല്‍
Monday, May 17, 2021 2:26 PM IST
വാഷിങ്ടന്‍ ഡിസി: ഒരാഴ്ചയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു.സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഞായറാഴ്ചയായിരുന്നുവെന്ന് ഗാസാ അധികൃതര്‍ അറിയിച്ചു. 40 പേരാണ് ഒറ്റ ദിവസം മരിച്ചത്. അനിശ്ചിതമായി സംഘര്‍ഷം തുടരുന്നത് റീജിയനെ അസ്ഥിരപ്പെടുത്തുമെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു. അക്രമ സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.

തിങ്കളാഴ്ച രാവിലെ എണ്‍പതോളം വ്യോമാക്രമണങ്ങളാണ് ഗാസാ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ നടത്തിയത്. ഒരാഴ്ച സംഘര്‍ഷം പിന്നിടുമ്പോള്‍ 3000 റോക്കറ്റുകളാണ് ഗാസയില്‍ നിന്നും ഇസ്രയേലിലേക്ക് തൊടുത്തുവിട്ടത്. ഭയം കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും, ഗാസയിലെ മാധ്യമ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന കെട്ടിടം തകര്‍ക്കപ്പെട്ടത് ആശങ്കയുളവാക്കുന്നതായും സെക്രട്ടറി ജനറല്‍ പറഞ്ഞു.

ഗാസയില്‍ അനുഭവപ്പെടുന്ന ഇന്ധന ക്ഷാമം ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നും, യുഎന്‍ ഗാസയിലേക്ക് ഫ്യുവല്‍ അയയ്ക്കുന്നത് ഇസ്രയേല്‍ അധികൃതര്‍ തടയരുതെന്നും യുഎന്‍ സ്‌പെഷല്‍ കോര്‍ഡിനേറ്റര്‍ ലില്‍ ഹേസ്റ്റിംഗ്‌സ് അഭ്യര്‍ഥിച്ചു. ഗാസയില്‍ ഇതുവരെ 188 പേര്‍ കൊല്ലപ്പെട്ടതില്‍ 55 കുട്ടികളും 55 സ്ത്രീകളും ഉള്‍പ്പെടുന്നു. 1230 പേര്‍ക്ക് പരുക്കേറ്റതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍