കൊറോണ വ്യാപനം : കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു
Thursday, May 13, 2021 2:50 AM IST
കോവിഡ് മഹാമാരി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അതിരൂക്ഷമായി പടർന്നുപിടിച്ച് നിരവധി പേർ ഓക്സിജൻ ലഭിക്കാതെയും ആവശ്യമായ ശ്വസനോപകരണങ്ങളുടെ അപര്യാപ്തത മൂലവും മരണപ്പെടുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഇന്ത്യയിൽ സംജാതമായിരിക്കുന്നത്.

കേരളത്തിന് ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ജീവൻ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമാ ഉൾപ്പടെയുള്ള ജീവ-കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന നിരവധി സന്നദ്ധ സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിർഭാഗ്യവശാൽ ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവും കേരളത്തിനാവശ്യമായ ഉപകരണങ്ങളെ സംബന്ധിച്ച് വ്യക്തതയില്ലായ്മയും ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച ആശയകുഴപ്പങ്ങളും അംഗ സംഘടനകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോമയുടെ നേത്യത്വത്തിൽ കേരള സർക്കാരിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുമായും ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളും ഉപദേശങ്ങളും ലഭിക്കുന്നതിന് ശ്രമിച്ചതിന്‍റെ ഫലമായി, ഇന്ന് വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 9ന് സംഘടനാ പ്രതിനിധികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയും മാർഗ നിർദ്ദേശങ്ങളും നൽകുന്ന ഒരു വെബിനാർ സംഘടിപ്പിക്കുന്നു.

കേരള സർക്കാരിനെ പ്രതിനിധീകരിച്ച് കേരളാ ചീഫ് സെക്രട്ടറി വി.പി.ജോയി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ .ഇളങ്കോവൻ ഐഎഎസ്, വാണിജ്യ-സേവന നികുതി (GST )സ്‌പെഷൽ കമ്മീഷണർ, ഡോ.എസ്.കാർത്തികേയൻ ഐഎഎസ് , കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.ആർ. ക്ര്യഷ്ണ തേജാ മൈലവരപ്പ് ഐഎഎസ്, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വിഘ്‌നേശ്വരി ഐഎഎസ്, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും.

ഫോമായിലെ അംഗ സംഘടനകളുടെ കമ്മിറ്റി മെമ്പർമാർക്കായി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറിൽ പങ്കെടുക്കാനും താങ്കളുടെ സംഘടനയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ താല്പര്യപ്പെടുന്നവരുടെ വിശദാംശങ്ങൾ മുൻകൂട്ടി അറിയിക്കാനും കേരളത്തെ രക്ഷിക്കാനുള്ള ഫോമായുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഫോമയോടൊപ്പം കൈകർക്കാനും സംഘാടകർ ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ടി. ഉണ്ണിക്കൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി) 8133340123.