മാതാപിതാക്കളെയും പോലീസുകാരെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Friday, April 30, 2021 6:44 PM IST
നോർത്ത് കരോളൈന: നോർത്ത് കാരോളൈന ബൂൺ ഹാർഡ്മൻ സർക്കിളിലെ വീട്ടിൽ അമ്മയെയും വളർത്തച്ചനെയും രണ്ടു പോലീസുകാരെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആൾട്ടൺ ബർണീസ് (32) ആണ് ക്രൂരകൃത്യം നടത്തിയത്.

അനറ്റ് ലിഗോണും (61) ജോർജ് വയറ്റ് ലിഗോണും (58) ജോലിക്കു വരാതിരുന്നതിനെ തുടർന്നാണു പോലീസ് അന്വേഷണം ആരംഭിച്ചത്. വീടിനു മുന്നില്‍ ഇവരുടെ കാറും മറ്റു സാധനങ്ങളും കണ്ടെത്തി. രാവിലെ മുതൽ രാത്രി വരെ പോലീസ് പുറത്തു നിന്നിട്ടും വീട്ടിൽ നിന്നു ശബ്ദം ഒന്നും കേൾക്കാത്തതിനെ തുടർന്നു സെർജന്‍റ് ക്രിസ് വാർഡും ലോഗൻ ഫോക്സും വീടിനകത്തേക്കു കയറി. ഈ സമയം അനറ്റിനെയും ജോർജിനെയും കൊലപ്പെടുത്തിയ ശേഷം വീട്ടിൽ ഒളിച്ചിരുന്ന ആൾട്ടൺ ബർണീസ് ഇവർക്കു നേരെ വെടിയുതിർത്തു.

ലോഗൻഫോക്സ് സംഭവ സ്ഥലത്തും ക്രിസ്‍വാർഡ് ആശുപത്രിയിലും വച്ചു മരിച്ചു. ഇവരെ വീട്ടിൽ നിന്നും പുറത്തെത്തിക്കുവാൻ ശ്രമിച്ച മറ്റൊരു പോലീസ് ഓഫീസർക്കും വെടിയേറ്റുവെങ്കിലും ഹെൽമറ്റ് ധരിച്ചത് രക്ഷയായി. തുടർന്നു പ്രതി ആൾട്ടൻ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിനകത്തു നിന്നും മാരക പ്രഹരശേഷിയുള്ള തോക്കുകൾ പോലീസ് കണ്ടെടുത്തു. ആൾട്ടണെതിരെ നേരത്തെ പോസിൽ പരാതി ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ