നൂറ്റിയമ്പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സരോജാ വര്‍ഗീസിനോടൊപ്പം’ എന്ന പേരിൽ മേയ് ഒന്നിന്
Friday, April 30, 2021 4:52 PM IST
ഡാളസ്: നൂറ്റിയമ്പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സരോജാ വര്‍ഗീസിനോടൊപ്പം’ എന്ന പേരിൽ മേയ് ഒന്നിന് (ശനി) രാവിലെ നടക്കും.

പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മാതാവുമായ സരോജാ വര്‍ഗീസിനെപ്പറ്റി കൂടുതല്‍ അറിയുവാനും മനസ്സിലാക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് സല്ലാപത്തില്‍ പങ്കെടുത്ത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2021 ഏപ്രില്‍ മൂന്നിന് സംഘടിപ്പിച്ച നൂറ്റിയമ്പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ശ്രീദേവി കൃഷ്ണനോടൊപ്പം’ എന്ന പേരിലാണ് നടത്തിയത്. ഇന്ത്യയില്‍ ഏറെ വര്‍ഷങ്ങള്‍ കോളജ് അദ്ധ്യാപികയായി ജോലി ചെയ്ത് ഇപ്പോള്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിശ്രമ ജീവിതം നയിക്കുന്ന ആളാണ് സല്ലാപത്തില്‍ പ്രധാന സന്ദേശം നല്‍കിയ പ്രഫ. ശ്രീദേവി കൃഷ്ണന്‍. 2016-ല്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ച ഏറ്റവും വലിയ ക്രോഷെ ബ്ലാങ്കെറ്റ് നിര്‍മിച്ച മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍സ് സംഘത്തിലെ അംഗമായിരുന്നു. മ്യുസിങ്ങ്സ് ഓഫ് എ സെന്‍സിറ്റീവ് ഇന്ത്യന്‍ വുമണ്‍, സിലിക്കണ്‍ കാസ്സില്‍, യു മേ ബി റൈറ്റ്, ഐ മേ ബി ക്രേസി ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്നീ മൂന്നു പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. സമൂഹത്തിന്‍റെ സാംസ്‌കാരിക ക്ലേശങ്ങള്‍ പ്രതിപാദിക്കുന്ന 'സിലിക്കണ്‍ കാസ്സില്‍' ഇംഗ്ലീഷ് ചലച്ചിത്രമായി പകര്‍ത്തപ്പെട്ടിട്ടുമുണ്ട്. ശ്രീദേവി കൃഷ്ണനെ കൂടുതല്‍ അറിയുവാനും മനസിലാക്കുവാനും ഈ സല്ലാപം ഉപകരിച്ചു.

യോഗത്തിൽ അന്തരിച്ച ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്കോപ്പ അനുസ്മരണവും നടത്തി. ശങ്കരത്തിലച്ചന്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതും പ്രസക്തവുമാണെന്ന് സല്ലാപത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്കോപ്പയുടെ വിയോഗത്തില്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം അനുശോചനം അറിയിച്ചു.

ഡോ. തെരേസ ആന്‍റണി, ഡോ. രാജന്‍ മര്‍ക്കോസ്, തമ്പി ആന്‍റണി, പ്രേമ തെക്കേക്ക്, ജോണ്‍ ആറ്റുമാലില്‍, ജോര്‍ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ഗീതാ ജോര്‍ജ്, ജോസഫ്‌ പൊന്നോലി, യു. എ. നസീര്‍, തോമസ്‌ എബ്രഹാം, രാജു തോമസ്‌, ശാന്ത രാജു തോമസ്‌, ജോണ്‍സണ്‍, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ജേക്കബ്‌ കോര, ജീനു കുമരകം, തോമസ്‌ എബ്രഹാം, ജോസഫ്‌ മാത്യു, തോമസ്‌ കൂവള്ളൂര്‍, വര്‍ഗീസ്‌ ജോയി, ജിബി ജോണ്‍, പി. പി. ചെറിയാന്‍, ജെയിംസ്‌ കുരീക്കാട്ടില്‍, സി. ആൻഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ 10 മുതല്‍ 12 വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 1-857-232-0476 കോഡ് 365923 എന്ന നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. [email protected], [email protected] എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക് : 813-389-3395 / 972-505-2748