മൂന്നു വയസുകാരന്‍ തോക്കെടുത്തു കളിച്ചു; എട്ടു മാസം പ്രായമുള്ള സഹോദരന്‍ വെടിയേറ്റു മരിച്ചു
Sunday, April 11, 2021 12:13 PM IST
ഹൂസ്റ്റന്‍: വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നു വയസുകാരന്‍ എടുത്തു കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചിവലിച്ചപ്പോള്‍ ചീറിപാഞ്ഞ വെടിയുണ്ട എട്ടു മാസം പ്രായമുള്ള സഹോദരന്‍റെ ജീവനെടുത്തു. ഏപ്രില്‍ ഒമ്പതിനു വെള്ളിയാഴ്ച ഹൂസ്റ്റന്‍ അപ്പാര്‍ട്‌മെന്‍റിലായിരുന്നു ഈ ദാരുണ സംഭവമെന്ന് ഹൂസ്റ്റന്‍ പോലീസ് ഡിപാര്‍ട്ട്‌മെന്‍റ് അസിസ്റ്റന്റ് ചീഫ് വെര്‍ഡി ബെയ്ന്‍ ബ്രിഡ്ജ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ നിരവധി മുതിര്‍ന്നവര്‍ ഉണ്ടായിരുന്നു. വെടിയേറ്റ കുഞ്ഞിനെ എല്ലാവരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വയറ്റില്‍ വെടിയുണ്ട തറച്ചു ഗുരുതരമായി മുറിവേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് വീട്ടില്‍ തെരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്നാണു തോക്ക് പിന്നീടു കണ്ടെത്തിയത്.

അശ്രദ്ധമായി വീട്ടില്‍ തോക്ക് സൂക്ഷിച്ചതും കുട്ടിക്ക് തോക്ക് ലഭിച്ച സാഹചര്യവും അന്വേഷിച്ചു വരികയാണെന്നും കേസ് എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഹൂസ്റ്റന്‍ ഹാരിസ് കൗണ്ടിയില്‍ ഈയിടെ പല വീടുകളിലും അശ്രദ്ധമായി സൂക്ഷിച്ചിരുന്ന തോക്ക് കുട്ടികളുടെ കൈവശം എത്തിച്ചേര്‍ന്ന് ഇതുപോലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2010ല്‍ ഹാരിസ് കൗണ്ടിയില്‍ മാത്രം 12 വയസിനു താഴെ പ്രായമുള്ള 40 കുട്ടികള്‍ക്കു വെടിയേറ്റു ജീവന്‍ നഷ്ടപ്പെട്ടതായി പോലീസ് അറിയിച്ചു. മാതാപിതാക്കളും കുടുംബവും കുട്ടികളുടെ കൈവശം തോക്ക് ലഭിക്കാതെ സുരക്ഷിതമായി വയ്ക്കണമെന്നും പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍