ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സ്റ്റേ അറ്റ് ഹോം; ഇൻ പേഴ്സൻ ക്ലാസുകൾ നിർത്തിവച്ചു
Friday, April 9, 2021 6:28 PM IST
ഷിക്കാഗോ: ഷിക്കാഗോ യൂണിവേഴ്സിറ്റി കാന്പസിൽ കൊറോണ വൈറസ് വ്യാപകമായതോടെ ഇൻ - പേഴ്സൺ ക്ലാസുകൾ നിർത്തിവയ്ക്കുകയും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കുകയും ചെയ്തു. ഏപ്രിൽ എട്ടിനാണ് ഇതു സംബന്ധിച്ച് യൂണിവേഴ്സിറ്റി അറിയിപ്പുണ്ടായത്. ‌‌‌

ഗ്രാജുവേറ്റ് വിദ്യാർഥികളിൽ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. റസിഡന്‍റ്സ് ഹോളുകളിൽ കഴിയുന്ന വിദ്യാർഥികളെയാണ് വൈറസ് സാരമായി ബാധിച്ചിരിക്കുന്നത്. ഹൈഡ് പാർക്ക് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങരുതെന്നും വീട്ടിൽ തന്നെ കഴിയുകയാണ് നല്ലതെന്നും അടുത്ത ആഴ്ചയോടെ കോവിഡ് കേസുകൾ വർധിക്കാനിടയുണ്ടെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ഷിക്കാഗോയിൽ വ്യാപകമായികൊണ്ടിരിക്കുന്ന മാരകമായ വൈറസ് B.1.1.7 യൂണിവേഴ്സിറ്റി ക്യാന്പസിലും പ്രവേശിച്ചിട്ടുണ്ടോ എന്നും ഇവർ സംശയിക്കുന്നു. എല്ലാ വിഭാഗത്തിലുംപെടുന്നവരെ സാരമായി ബാധിക്കുന്ന ഈ വൈറസ് കൂടുതൽ അപകടകാരിയാണ്.

കോവിഡ് പോസിറ്റീവായ വിദ്യാർഥികളെ പ്രത്യേകം താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ യൂണിവേഴ്സിറ്റി അടിയന്തരമായി സ്വീകരിച്ചിട്ടുണ്ട്. ഏപ്രിൽ 15 വരെ സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിലുണ്ടാകും. അടുത്ത ഏഴു ദിവസം എല്ലാ ക്ലാസുകളും റിമോട്ട് ലേണിംഗിലേക്ക് മാറ്റുന്നതാണ്.

കഫ്റ്റീരിയകളിൽ നിന്നും ടേക്ക് ഔട്ട് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. എല്ലാ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും ഇതുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ