പ്രവാസി പ്രൊട്ടക്ഷൻ കമ്മീഷൻ സേവനം അവസരോചിതമായി വിനിയോക്കണം
Friday, January 22, 2021 5:16 PM IST
ഡാളസ്: റിട്ടയേർഡ് ജഡ്ജി പി.ഡി. രാജൻ ചെയർമാനായി കേരളാ സർക്കാർ രൂപം കൊടുത്തിട്ടുള്ള പ്രവാസി പ്രൊട്ടക്ഷൻ കമ്മീഷന്‍റെ സേവനം അവസരോചിതമായി ഉപയുക്തമാക്കണമെന്നു വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് (ഓർഗ്) പി. സി. മാത്യു.

വിദേശത്തു ജോലി ചെയ്തു ജീവിക്കുന്ന മലയാളികൾക്ക് അവരുടെ റിയൽ പ്രോപ്പർട്ടികളിന്മേൽ ഉരുണ്ടു കൂടുന്ന പ്രശ്നങ്ങൾ വിവിധ തരത്തിലാണ്. വിശ്വസ്തതയോടെ നോക്കി നടത്തുവാൻ ഏല്പിക്കുകയും ആവശ്യത്തിനുള്ള രൂപ അയച്ചു കൊടുക്കുകയും ചെയ്തിട്ടും തങ്ങളുടെ വീടും പുരയിടവും നശിപ്പിക്കുകയും അന്യായത്തിലൂടെ കൈവശപ്പെടുത്തുവാനും സ്വന്തം സഹോദരങ്ങൾ പോലും മുതിരുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് പി. സി. പറഞ്ഞു.

അടുത്ത കാലത്തു പ്രവാസി കോൺക്ലേവ് ചെയർമാൻ അലക്സ് കോശി വിളനിലം, ആന്‍റണി പ്രിൻസ് തുടങ്ങിയ പ്രവാസി നേതാക്കൾ ജസ്റ്റീസ് പി. ഡി. രാജനുമായി സംഘടിപ്പിച്ച സൂം മീറ്റിംഗിൽ സംഘടനകളിൽ നിന്നുള്ള വിവിധ നേതാക്കൾ പങ്കെടുത്തിരുന്നു. ചർച്ചയിൽ പങ്കെടുക്കുകയും പ്രവാസികൾക്ക് ആവശ്യമുള്ള ചില ചോദ്യങ്ങൾക്ക് പങ്കെടുത്തവരിൽ നിന്നും ലഭിച്ച തിൽ വളരെ അനുകൂലമായ ഉത്തരങ്ങൾ ലഭിച്ചു എന്നും പ്രവാസി കമ്മീഷൻ സേവനം വിദേശ മലയാളികൾക് ഉപകാര പ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

പരാതികൾ കൊടുക്കുന്ന വിദേശികളുടെ അപേക്ഷകൾ ഇന്ത്യൻ എംബസിയോ ഇന്ത്യൻ ഹൈ കമ്മീഷനോ അറ്റസ്റ്റ് ചെയ്യണമെന്ന് കമ്മീഷൻ ചെയർമാൻ സൂചിപ്പിച്ചപ്പോൾ അമേരിക്കയിലുള്ളവർ അമേരിക്കൻ ലൈസൻസ് ഉള്ള നോട്ടറിയുടെ അറ്റസ്റ്റേഷൻ അംഗീകരിക്കണമെന്ന പി.സി. മാത്യു ആവശ്യം ജസ്റ്റീസ് പി. ഡി. രാജൻ അംഗീകരിക്കുകയും ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നിന്നും പ്രസിഡന്‍റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പളളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻ ഓഫിസർ അനിൽ അഗസ്റ്റിൻ തുടങ്ങിയ നേതാക്കളും ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജും പങ്കെടുത്തു. പ്രവാസി കമ്മീഷൻ വളരെയധികം ഉപകാരപ്രദമാണെന്നു പറഞ്ഞ അനിയൻ ജോർജ്, പ്രവാസി കമ്മീഷനെ അനുമോദിക്കുകയും ചെയ്തു.

റിപ്പോർട്ട് : പി.പി. ചെറിയാൻ