റോബിൻ ഇലക്കാട്ടിനെ, മാഗ്, ഫോമാ എന്നീ സംഘടനകൾ എൻഡോർസ് ചെയ്തു
Monday, November 30, 2020 8:58 PM IST
ഹൂസ്റ്റൺ: റൺ ഓഫിൽ എത്തി നിൽക്കുന്ന മിസൗറി സിറ്റി മേയർ സ്ഥാനാർഥിയായ റോബിൻ ഇലക്കാട്ടിനെ ഇന്നലെ കേരള ഹൗസിൽ നടന്ന ചടങ്ങിൽ ജോർജ് കൊളാച്ചേരിൽ പരിചയപ്പെടുത്തി. തുടർന്ന് ഫോമാക്ക് വേണ്ടി പ്രസിഡന്‍റ് അനിയൻ ജോർജ് റോബിനെ എൻഡോർസ് ചെയ്തു. മാഗിനുവേണ്ടി മാഗ് പ്രസിഡന്‍റ് ഡോ. സാം ജോസഫ് റോബിനെ എൻഡോർസ് ചെയ്തു.

പൊതുരംഗത്ത് പ്രവർത്തി പരിചയം ഉള്ള റോബിൻ നഗരാധിപൻ ആകുന്നത് മലയാളികൾക്ക് അഭിമാനമാണെന്ന് അനിയൻ ജോർജ് പറഞ്ഞു. ന്യൂയോർക്കിൽ നിന്നും സെനറ്റർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കെവിൻ തോമസിന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി എല്ലാ മലയാളികളെയും റോബിന് വോട്ടു ചെയ്യണമെന്ന് അനിയൻ ജോർജ് ആഹ്വാനം ചെയ്തു.

നീണ്ട ഇടവേളയ്ക്ക് ശേഷം ബിസിനസ് രംഗത്തുനിന്നും പൊതുരംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്ന റോബിൻ വിജയിച്ചാൽ ഗ്രെയ്റ്റർ ഹൂസ്റ്റണിലെ ആദ്യ മലയാളിയായ മേയർ എന്ന ചരിത്ര നിമിഷത്തിലേക്കാണ് കാലെടുത്തുവയ്ക്കുന്നതെന്ന് ഡോ. സാം ജോസഫ് പറഞ്ഞു. യുവത്വത്തിന്‍റെ പ്രസരിപ്പും കർമോൽസുകതയാർന്ന പ്രവർത്തന മികവും കാഴ്ചവച്ചുകൊണ്ടുള്ള റോബിന്‍റെ തെരഞ്ഞെടുപ്പുപ്രചാരണം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.

ഇന്ന് ആരംഭിക്കുന്ന ഏർളി വോട്ടിംഗിൽ എല്ലാ മലയാളികളും തനിക്കു വോട്ടു ചെയ്തു വിജയിപ്പിക്കണമെന്ന് റോബിൻ മറുപടിയായി പറഞ്ഞു. അച്ചടക്കമുള്ള സാമ്പത്തിക രംഗം ഉറപ്പുവരുത്തും എന്നും അതോടൊപ്പം ഒരേ സ്ഥാനത്തു ഒരാൾ തന്നെ പല നീണ്ട വർഷങ്ങൾ തുടരുന്നത് പരിമിതപ്പെടുത്തും എന്നും മിസൗറി സിറ്റിയുടെ മുഖച്ഛായ മാറ്റിമറിക്കാനാകുന്ന ഗുണനിലവാരമുള്ള സംരംഭങ്ങളെ സ്വാഗതം ചെയ്യുമെന്നും റോബിൻ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: അജു വാരിക്കാട്