ഗീതാ ആനന്ദ് ബെര്‍ക്കിലി സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഡീന്‍
Monday, October 26, 2020 3:48 PM IST
കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തക ഗീതാ ആനന്ദിനെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ബെര്‍ക്കിലി ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഡീന്‍ ആയി നിയമിച്ചു. പത്രപ്രവര്‍ത്തന മേഖലയില്‍ 27 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ കാരള്‍ ക്രിസ്റ്റാണ് ഒക്‌ടോബര്‍ 21-ന് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

2018-ല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായ ഗീതാ ആനന്ദ് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് പ്രോഗ്രാം ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വെര്‍മോണ്ട് ലോക്കല്‍ ഗവണ്‍മെന്റില്‍ റിപ്പോര്‍ട്ടറായി മാധ്യമ രംഗത്തേക്ക് കടന്നുവന്ന ഗീത ബോസ്റ്റണ്‍ ഗ്ലോബിന്റെ സിറ്റി ഹാള്‍ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പത്തുവര്‍ഷം ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ഫോറിന്‍ കറസ്‌പോണ്ടന്റ് എന്നീ നിലകളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നതായി യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 2004-ല്‍ പുലിസ്റ്റര്‍ പ്രൈസ് ഫൈനലിസ്റ്റ് ലിസ്റ്റില്‍ സ്ഥാനംപിടിച്ചിരുന്നു.

നിരവധി അന്വേഷണാത്മക ലേഖനങ്ങളും, '3 ക്യൂര്‍' എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് ഗീത. 2008 മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന് 'അവാര്‍ഡ് ഫോര്‍ കവറേജ്' ലഭിച്ചിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍