ഓർമ ഇന്‍റർ നാഷണൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
Monday, October 19, 2020 6:28 PM IST
ഫിലഡൽഫിയ: ഓർമ ഇന്‍റർ നാഷണൽ വെബ്സൈറ്റ്, മലയാളത്തിലെ ആദ്യ സാമൂഹിക റേഡിയോ ചാനലായ റേഡിയോ മാറ്റൊലിയുടെ സ്റ്റേഷൻ ഡയറക്ടറും പ്രശസ്ത മോട്ടിവേഷണൽ പ്രഭാഷകനുമായ ഫാ. ബിജൊ തോമസ് കറുകപ്പള്ളി ഉദ്ഘാടനം ചെയ്തു.

ഇൻഡിവിജ്വലിസം എന്ന ‘അവനവനിസം’ മഹാമാരിയായി മാറിയിരിക്കുന്നു എന്ന് ഫാ. ബിജോ കറുകപ്പള്ളി പറഞ്ഞു. താൻ പോരിമാ സംസ്കാരം വിനാശകരമായ ദുരന്തങ്ങളെ മനുഷ്യ ജീവിതങ്ങളിലും ലോക സമാധാന രംഗത്തും വരുത്തിവയ്ക്കുന്നു. ഇതിനു പരിഹാരം കുടുംബമൂല്യങ്ങളുടെ സരക്ഷണം കൊണ്ടേ നേടാനാവൂ. ഒരേ കൂരയ്ക്കു കീഴിൽ ജീവിച്ച്, ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന മലയാള കൂട്ടുകുടുംബങ്ങളുടെ പങ്കാളിത്ത ജീവിതശൈലിയെ സമുദ്ഘോഷിക്കുന്ന ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ ഇന്‍റർനാഷണൽ', വിവിധ രാജ്യങ്ങളിൽ ശാഖകളെ വളർത്തി, ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകരായി പ്രവർത്തിക്കുന്നത് ആഗോള മലയാള ഐക്യത്തിന്‍റെ ആശാവഹമായ നിദർശനമാണ്. മലയാളത്തിലെ ആദ്യ സാമൂഹിക റേഡിയോയാണ് വയനാട്ടിൽ റേഡിയോ നിലയമുള്ള റേഡിയോ മാറ്റൊലി (Radio Mattoli (90.4 FM), a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi). അതേ പോലെ, ഓർമ ഇന്‍റർനാഷനലും മഹത്തായ മലയാള മൂല്യങ്ങൾക്ക് ആഗോള വ്യാപ്തി കുറിക്കുന്നതിന് ശ്രദ്ധ നൽകുന്നു എന്നത് ശ്ലാഘനീയമാണ് - ഫാ.ബിജോ കറുകപ്പള്ളി പറഞ്ഞു.

'ഓർക്കൂട് ഒരു ഓർമക്കൂട്ട്', യൂ ടൂ ബ്രൂട്ടസ്", " തൃശിവപേരൂർ ക്ളിപ്തം", " അരവിന്ദന്‍റെ അതിഥികൾ', ' പ്രേമസൂത്രം', ' ഉല്ലാസം' എന്നീ ചിത്രങ്ങളുടെ ചായാഗ്രഹകൻ സ്വരൂപ് ഫിലിപ്പ് മുഖ്യാതിഥി ആയിരുന്നു. ഓർമ പ്രസിഡന്‍റ് ഫാ. ഫിലിപ് മോഡയിൽ അധ്യക്ഷത വഹിച്ചു. ജോസ് ആറ്റുപുറം, സിബിച്ചൻ ചെമ്പ്ളായിൽ, ജോർജ് നടവയൽ, ജോർജ് ഓലിക്കൽ, അഗസ്റ്റിൻ ഷാജി രാമപുരം, അനിയൻ മൂലയിൽ, മാത്യൂ തരകൻ, തോമസ് പോൾ, ജേക്കബ് കോര എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഓർമ ഇന്‍റർ നാഷണലിന്‍റെ വിവിധ ചാപ്റ്ററുകളിൽ നിന്നും പ്രൊവിൻസുകളിൽ നിന്നും പ്രതിനിധികൾ വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു.ഏഞ്ചൽ റോഷിൻ പ്രാർത്ഥനാഗീതം ആലപിച്ചു. സിബിച്ചൻ ചെമ്പ്ളായിലാണ് ormaglobal.com വെവ്സൈറ്റ് രൂപ കൽപ്പന ചെയ്തത്. സെക്രട്ടറി റോഷിൻ പ്ളാമൂട്ടിൽ സ്വാഗതവും ട്രഷറർ ഫീലിപ്പോസ് ചെറിയാൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ