ഫോമാ ഇന്ത്യൻ കോൺസൽ ജനറലുമായി ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചു
Monday, October 19, 2020 5:13 PM IST
ഷിക്കാഗോ: ഫോമാ ഇന്ത്യൻ കോൺസൽ ജനറൽ അമിത്കുമാറുമായി വെർച്വൽ അഭിമുഖ സംഭാഷണം നടത്തി . ഒക്ടോബർ 12 നു നടന്ന പരിപാടി ഫോമാ ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട് ആണ് കോർഡിനേറ്റ് ചെയ്തത്.

ഇല്ലിനോയി , ഇൻഡ്യാന , അയോവ , മിഷിഗൺ , മിനിസോട്ട ,മിസോറി , നോർത്ത് ഡെക്കോട്ട , സൗത്ത് ഡെക്കോട്ട , വിസ്കോൻസിൻ എന്നിവയാണ് ഷിക്കാഗോ കോൺസലേറ്റിന്‍റെ പരിധിയിലുള്ള സ്റ്റേറ്റുകൾ . ഈ പ്രദേശങ്ങളിൽ നിന്നുള്ളവരും ഫോമയുടെ അംഗസംഘടനകളിൽ നിന്നുള്ള നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ് സ്വാഗതം ആശംസിച്ചു. ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട് ഫോമായെക്കുറിച്ചും അതിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ കോൺസൽ ജനറലുമായി പങ്കുവച്ചു. ദേശീയ വനിതാ പ്രതിനിധി ജൂബി വള്ളിക്കുളം കോൺസൽ ജനറലിനെ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി . ഫോമാ മധ്യ റീജണിൽ നിന്നുള്ള ആർവിപി ജോൺ പാട്ടപ്പതിയും ഗ്രേറ്റ് ലേക്ക് റീജണിൽ നിന്നുള്ള ആർവിപി ബിനോയി ഏലിയാസും ആശംസകൾ നേർന്നു സംസാരിച്ചു.

ഇന്ത്യയിലേക്ക് യാത്രചെയുന്നതിനുള്ള വീസ / എമർജൻസി വീസ, ഒസിഐ കാർഡ് കൗൺസിലേറ്റ് ഓഫീസിലെ എമർജൻസി സർവീസുകൾ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള സംശയനിവാരണം കോൺസൽ ജനറൽ അമിത്കുമാർ നൽകി. ഫോമാ ദേശീയ കമ്മിറ്റി അംഗങ്ങളായ ജോൺസൻ കണ്ണൂക്കാടൻ , ആന്‍റോ കവലക്കൽ, ‌സൈജൻ ജോസഫ് , ബിജോയ് കരിയാപുരം , ഫോമ യുവ പ്രതിനിധി, കാൽവിൻ കവലക്കൽ എന്നിവരുടെ ചോദ്യങ്ങൾക്ക് കോൺസൽ ജനറൽ മറുപടി നൽകി.

ഫോമാ ജനറൽ സെക്രട്ടറി റ്റി .ഉണ്ണികൃഷ്ണൻ കോൺസൽ ജനറലിനും സമ്മേളനത്തിൽ പങ്കെടുത്തവർക്കും നന്ദി പറഞ്ഞു. ഫോമാ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ട്രഷറർ തോമസ്. ടി .ഉമ്മൻ , വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ , ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരും സമ്മേളനത്തിൽ സംബന്ധിച്ചു. ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഇത്തരം അഭിമുഖങ്ങൾ മറ്റ് ഇന്ത്യൻ കോൺസുലേറ്റുകളുമായും ചേർന്ന് സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി റ്റി .ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി .ഉമ്മൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ജൂബി വള്ളിക്കുളം