ഹൂസ്റ്റണിൽ മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ സംഗമം 18 ന്
Friday, October 16, 2020 7:00 PM IST
ഹൂസ്റ്റൺ: വീറും വാശിയും ആവേശവും നിറഞ്ഞുനിന്ന് അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ ഹൂസ്റ്റണിൽ വലിയ വിജയപ്രതീക്ഷയുമായി തെരഞ്ഞെടുപ്പ് രംഗത്ത് നിറസാന്നിധ്യമായി മാറിക്കഴിഞ്ഞ രണ്ടു മലയാളി നേതാക്കൾക്കു ശക്തമായ പിന്തുണ രേഖപ്പെടുത്തുന്നതിന് ഹൂസ്റ്റണിൽ മലയാളി കൂട്ടായ്മ "മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ' സംഘടിപ്പിക്കുന്നു.

ഒക്ടോബർ 18 നു (ഞായർ) വൈകുന്നേരം 6 ന് സ്റ്റാഫ്‌ഫോർഡിലെ ദേശി റസ്റ്ററന്‍റിലാണ് ( 209, Murphy Raod, Stafford, TX) പരിപാടി.

ഹൂസ്റ്റണിൽ ഏർലി വോട്ടിംഗ് പുരോഗമിക്കുമ്പോൾ തന്നെ വലിയ ആവേശത്തിലാണ് സ്റ്റേറ്റ് പ്രതിനിധിയായി മത്സരിക്കുന്ന ടോം വിരിപ്പനും മിസോറി സിറ്റി മേയർ ആയി മത്സരിക്കുന്ന റോബിൻ ഇലക്കാട്ടും.

ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ അധികവും വോട്ടർമാരായുള്ള ടെക്സസിലെ ഹൗസ് ഡിസ്ട്രിക് 27 (HD -27) ൽ നിന്ന് ടെക്സസ് സ്റ്റേറ്റ് പ്രതിനിധിയായി മൽസരിക്കുന്ന മലയാളിയും ഹൂസ്റ്റൻകാർക്കു സുപരിചിതനുമാണ് തൊടുപുഴ സ്വദേശി ടോം വിരിപ്പൻ. റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഇന്ത്യക്കാരനായ മനീഷ് സേത്തിനെ പരാജയപെടുത്തിയാണ് ടോം മത്സരരംഗത്തേക്കു കടന്നു വന്നിരിക്കുന്നത്. നിലവിലെ പ്രതിനിധിയും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ റോൺ റെയ്‌നോൾഡിനെതിരെ ശക്തമായ മത്സരമാണെങ്കിലും ഏഷ്യൻ വംശജർ ഉൾപ്പെടെ നൂറു കണക്കിന് പ്രവർത്തകരാണ് ടോമിനുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. മലയാളികളുടെ നിരവധി ഗ്രൂപ്പുകളും സജീവമായി ടോമിനുവേണ്ടി രംഗത്തുണ്ട്.

മലയാളികൾ തിങ്ങി പാർക്കുന്ന മിസ്സോറി സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റോബിൻ ഇലക്കാട്ട് മിസോറി സിറ്റിയിലെ വോട്ടർമാർക്കെല്ലാം സുപരിചിതനാണ്. സിറ്റി കൗൺസിലിലേക്കു മൂന്ന് പ്രാവശ്യം തെരഞ്ഞെക്കപ്പെട്ടിട്ടുള്ള റോബിൻ മിസോറി സിറ്റിയിൽ ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്. നിലവിലെ മേയർ യോലാൻഡാ ഫോർഡും ‌ മത്സരരംഗത്തുണ്ട്. റോബിന്‍റെ വിജയത്തിനുവേണ്ടി മലയാളികളുടെ നിരവധി ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്.

ചരിത്ര വിജയമായി മാറുന്ന രണ്ടു പേരുടെയും വിജയം സുനിശ്ചിതമാക്കണമെന്നും അത് മലയാളി സമൂഹത്തിനു അഭിമാനിക്കാവുന്നതാണെന്നും അതിനായി കൂടുതൽ പ്രവർത്തിക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.

"മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ " പരിപാടിയിൽ പങ്കെടുത്തു സ്ഥാനാർഥികൾക്ക് നേരിട്ട് പിന്തുണ അറിയിക്കുന്നതിനുള്ള അവസരം ഉപയോഗിക്കണമെന്നും സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ജെയിംസ് കൂടൽ 914 9871101, ബാബു ചാക്കോ 713 557 8271, ജെയിംസ് വാരിക്കാട്ട് 713 376 3217

റിപ്പോർട്ട്: ജീമോൻ റാന്നി