യുഎസ് സെനറ്റ്: ടെക്‌സസില്‍ ജോണ്‍ കോണനും- എം.ജെ. ഹെഗറും തമ്മിലുള്ള പോരാട്ടം ശക്തം
Saturday, September 26, 2020 2:11 PM IST
ഓസ്റ്റിന്‍: യുഎസ് സെനറ്റ് സീറ്റിലേക്ക് ടെക്‌സസില്‍ നിന്നും മത്സരിക്കുന്ന നിലവിലുള്ള സെനറ്റര്‍ ജോണ്‍ കോണനും (റപ്പബ്ലിക്കന്‍), ഡമോക്രാറ്റിക് സ്ഥാനാര്‍ഥി എം.ജെ. ഹെഗറും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച് മുന്നേറുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ക്കെതിരേ മത്സരിക്കുന്ന ഹെഗറിന് മുന്‍ പ്രസിഡന്റ് ഒബാമ പിന്തുണ പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. ഒബാമ എന്‍ഡോഴ്‌സ് ചെയ്ത ഏക ടെക്‌സനാണ് എം.ജെ. ഹെഗര്‍. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ടെക്‌സസ് സെനറ്റ് സീറ്റില്‍ നിലവിലുള്ള സെനറ്റര്‍ ജോണ്‍ കോണനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ഒബാമ ഉള്‍പ്പടെയുള്ളവര്‍ മെനയുമ്പോള്‍, കോണന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവര്‍ ആരായുന്നത്. മുന്‍ പ്രസിഡന്റ് ഒബാമ രാജ്യത്തൊട്ടാകെ 111 സ്ഥാനാര്‍ഥികളെ എന്‍ഡോഴ്‌സ് ചെയ്തതില്‍ ഏക ടെക്‌സന്‍ എം.ജെ. ഹെഗറാണെന്നുള്ളത് തന്നെ മത്സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

46 വയസുള്ള മേരി ജെന്നിംഗ്‌സ് ഹെഗന്‍ രാഷ്ട്രീയ നേതാവും, വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥ, അധ്യാപിക എന്നീ നിലകളില്‍ ടെക്‌സസില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. 2020 ജൂലൈ 14-ന് ഡമോക്രാറ്റിക് സെനറ്റര്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ (ഓസ്റ്റിന്‍) നിന്നും ബിരുദവും, എംബിഎയും കരസ്ഥമാക്കി.

2002 മുതല്‍ യുഎസ് സെനറ്ററായ ജോണ്‍ കോണന്‍ ടെക്‌സസില്‍ നിന്നുള്ള സീനിയര്‍ സെനറ്ററാണ്. റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റില്‍ നിരവധി ഉയര്‍ന്ന തസ്തികകള്‍ വഹിച്ചിട്ടുള്ള കോണന്‍ ടെക്‌സസിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. മത്സരത്തില്‍ പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത കോണന്‍ ഈവര്‍ഷവും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍