വിളിക്കാനൊരു ഫോൺ നമ്പരും കേൾക്കാനൊരാളും - അതാണ് തോമസ് ടി. ഉമ്മൻ
Tuesday, September 22, 2020 7:04 PM IST
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മല‍യാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മുതിർന്ന അമേരിക്കൻ മലയാളിയും രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക നേതാവും മികച്ച സംഘാടകനുമായ തോമസ് ടി. ഉമ്മനെ അമേരിക്കൻ മലയാളികൾ വിശേഷിപ്പിക്കുന്നത് "വിളിക്കാനൊരു ഫോൺ നമ്പരും കേൾക്കാനൊരാളും' എന്നാണ്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ചെയർമാൻ, ഫോമാ നാഷണൽ പൊളിറ്റിക്കൽ ഫോറം ചെയർമാൻ, ഫോമാ നാഷണൽ കമ്മിറ്റിയംഗം, ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ, ഹെറിറ്റേജ് ഇന്ത്യ ചെയർമാൻ, ഇന്ത്യൻ ക്രിസ്ത്യൻ ഫോറം പ്രസിഡന്‍റ്, സിഎസ്ഐ സഭയുടെ നോർത്ത് അമേരിക്കൻ കൗൺസിൽ സെക്രട്ടറി, എപ്പിസ്‌ക്കോപ്പൽ സഭയുടെ ഏഷ്യാമേരിക്ക മിനിസ്ട്രി സെക്രട്ടറി തുടങ്ങി വിവിധ ദേശീയ പദവികളിൽ സേവനം അനുഷ്ഠിച്ച തോമസ് ടി. ഉമ്മൻ, ന്യൂയോർക്കിൽ സീഫോർ സിഎസ്ഐ ഇടവകയുടെ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, സീനിയർ സൺഡേ സ്കൂൾ അധ്യാപകൻ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

ന്യൂയോർക്ക് സ്റ്റേറ്റിൽ ബിസിനസ് ഓഫീസറായി നാലു പതിറ്റാണ്ടോളം സേവനം അനുഷ്ടിച്ചു. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം സ്റ്റേറ്റ് കോൺട്രാക്ട് കോൺസൾട്ടന്‍റായും സേവനം തുടർന്ന തോമസ് ടി. ഉമ്മൻ ബജറ്റ്, ഫിനാൻസ് , പേയ്റോൾ, സ്റ്റേറ്റ് കോൺട്രാക്ടസ്, ഓഡിറ്റിങ് തുടങ്ങിയ കാര്യങ്ങളിൽ പരിചയസമ്പന്നനാണ്.

തൊണ്ണൂറുകളിൽ ലോംഗ് ഐലൻഡിൽ ആരംഭിച്ച ലോംഗ് ഐലാൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംകാ) സ്ഥാപക പ്രസിഡന്‍റായിരുന്നു. ഭാഷാ സ്നേഹിയായ അദ്ദേഹം ലോംഗ് ഐലൻഡിലെ പബ്ലിക് ലൈബ്രറിയിൽ ലിംകായുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.

പാസ്പോർട്ട് സറണ്ടർ ഫീക്കെതിരെ 2010ൽ തോമസ് ടി. ഉമ്മൻ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്ത പ്രതിഷേധം വിജയകരമായിരുന്നു. ഫോമായുൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകി. മനുഷ്യാവകാശ ലംഘനങ്ങക്കെതിരെ ന്യൂയോർക്കിലും മറ്റു സ്റ്റേറ്റുകളിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ എൻആർഐ , കോൺസുലാർ അഫയെർസ് സമിതിയുടെ ചെയർമാനുമാണ് തോമസ് ടി. ഉമ്മൻ.

അറുപതുകളിൽ മനോരമ ബാലജനസഖ്യത്തിൽ തിരുവല്ല യൂണിയൻ പ്രസിഡന്‍റായും തുടർന്ന് തിരുവല്ലയിലെ സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി, ചെങ്ങന്നൂർ കോളജ് യൂണിയൻ സെക്രട്ടറി, തുടങ്ങിയ പ്രവർത്തനങ്ങളിലും ട്രേഡ് യൂണിയൻ രംഗത്തും സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‌‌

സെപ്റ്റംബർ 25 നു നടക്കുന്ന ഫോമാ തെരഞ്ഞെടുപ്പിൽ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന തോമസ് ടി. ഉമ്മനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ന്യൂയോർക്ക് റീജണുകളും യുഎസിലും കാനഡയിലുമുള്ള വിവിധ അസോസിയേഷനുകളും രംഗത്തുവന്നു.