ഇന്ത്യാ സന്ദർശനം: യുഎസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ മുന്നറിയിപ്പ്
Monday, August 10, 2020 7:40 PM IST
വാഷിംഗ്ടൺ: കോവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ, കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിക്കുന്നതിനാൽ യുഎസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പ് നൽകി. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ലെവൽ 3 ട്രാവൽ ഹെൽത്ത് നോട്ടീസാണ് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് നൽകിയിരിക്കുന്നത്.

അതിർത്തി, വിമാനത്താവളങ്ങൾ എന്നിവ അടഞ്ഞുകിടക്കുന്നതും യാത്രാ നിരോധനം, സ്റ്റേ അറ്റ് ഹോം, കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കൽ, ജമ്മുവിലും കശ്മീരിലുമുള്ള ഭീകരവാദ പ്രശ്നങ്ങൾ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കം എന്നിവയാണ് യുഎസ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തടസമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ചുണ്ടിക്കാണിക്കുന്നത്. യുഎസ് പൗരന്മാർക്ക് അടിയന്തര സഹായം നൽകുന്നതിനുള്ള പരിമിതികളും മറ്റൊരു കാരണമാകുന്നു.

ഇന്ത്യയിലെ പ്രശ്നബാധിത സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ യുഎസ് ഗവൺമെന്‍റ് ജീവനക്കാർ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്നും യുഎസ് എംബസിയുടെ വെബ്സൈറ്റിൽ പറയുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് അപകടമാണെന്ന മുന്നറിയിപ്പിൽ പറയുന്നു. മറ്റുപല രാജ്യങ്ങളിലേക്കുള്ള വിലക്ക് നീക്കംചെയ്യുമ്പോഴും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ