ഹാഗിയ സോഫിയ: വിര്‍ച്വല്‍ റാലിയില്‍ ക്രൈസ്തവ പ്രതിഷേധമിരമ്പി
Friday, July 31, 2020 9:50 PM IST
ന്യൂയോർക്ക്: തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി മോസ്‌ക് ആക്കിയതിനെതിരെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ റാലിയില്‍ ക്രൈസ്തവ പ്രതിഷേധമിരമ്പി. ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹത്തിന്‍റെ വേദനയില്‍ സഭാമക്കളോടോപ്പം തങ്ങളും പങ്കു ചേരുന്നതായി വിവിധ സഭകളെ പ്രതിനിധീകരിച്ച റാലിയിൽ പങ്കെടുത്ത ബിഷപ്പുമാര്‍ പറഞ്ഞു.

തുര്‍ക്കിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള പ്രമേയം റാലിയില്‍ പാസാക്കി. പ്രമേയത്തിന്‍റെ കോപ്പികള്‍ തുര്‍ക്കി ഭരണാധികാരികള്‍ക്കും യുണൈറ്റഡ് നേഷന്‍സിനും യുഎസ് ഭരണകൂടത്തിനും ബന്ധപ്പെട്ട എല്ലാ ഭരണാധികാരികള്‍ക്കും സമര്‍പ്പിക്കുന്നതാണെന്നു ക്രിസ്ത്യന്‍ ഫോറം പ്രസിഡന്‍റ് തോമസ് റ്റി. ഉമ്മന്‍ അറിയിച്ചു.

ചെറിയ സമൂഹങ്ങളായി ചെന്ന ശേഷം ക്രമേണ അധിനിവേശത്തിനുതകുന്ന ദൈവശാസ്ത്രത്തിന്‍റെ അപകടം മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ മെത്രാപ്പോലീത്ത സക്കറിയ മാര്‍ നിക്കോളോവോസ് ചൂണ്ടിക്കാട്ടി.

ഇരുപതാം നൂറ്റാണ്ടില്‍ തുര്‍ക്കികള്‍ അര്‍മേനിയയിലും സിറിയയിലും അഴിച്ചുവിട്ട മൃഗീയമായ വംശഹത്യയുടെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. ഹാഗിയ സോഫിയ മോസ്‌ക് ആക്കുന്നത് ലോകത്തെമ്പാടുമുള്ള മതസഹിഷ്ണതക്കു വിരുദ്ധമായി പെട്രോ ഡോളറിന്‍റെ ശക്തിയില്‍ നടത്തുന്ന കൃത്യമായ അക്രമണം ആണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ, ഈ പാതകത്തെ ന്യായീകരിച്ചു പാണക്കാട് തങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ അപലനീയമാണ്. നാവടപ്പിച്ചു ഭയപ്പെടുത്തുന്ന ഇസ് ലാമിക പാരമ്പര്യം ഇന്നും തുടരണമോ എന്ന് അവര്‍ ചിന്തിക്കണം' - വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അംഗം കൂടിയായ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു.

മദ്ധ്യ പൂര്‍വ ഏഷ്യയില്‍ കാലങ്ങളായി നടന്നു വരുന്ന ക്രിസ്തീയ മത പീഡന പരമ്പരകളിലെ അടുത്ത ഏട് ആണ് മോസ്‌ക്ക് ആക്കിയ നടപടിയെന്നു യാക്കോബായ സുറിയാനി സഭ അമേരിക്കന്‍ അതിരൂപത ആര്‍ച്ചു ബിഷപ്പ് എല്‍ദോ മാര്‍ തീത്തോസ് പറഞ്ഞു. നിരവധി പ്രധാനപ്പെട്ട ക്രിസ്തീയ ദേവാലയങ്ങളില്‍ കുറച്ചുകാലം മുസ് ലിം ക്രിസ്തീയ ആരാധനകള്‍ ഒരേ സ്ഥലത്തു നടത്തിയിരുന്നുവെങ്കിലും, പിന്നീട് ക്രിസ്തീയ ആരാധന നിര്‍ത്തലാക്കി. അത്തരം ചില ദേവാലയങ്ങള്‍ നേരിട്ട് കാണുവാന്‍ ഇടയായിട്ടുണ്ട്. ഡമാസ്‌കസിലെ ഗ്രേറ്റ് ഉമയാദ് മോസ്‌ക് , മുന്പ് ക്രിസ്തീയ ദേവാലയം ആയിരുന്നു. വിശുദ്ധ യോഹന്നാന്‍റെ ശിരസ് അവിടെ സംസ്‌കരിച്ചു എന്ന് പറയപ്പെടുന്നു. തുര്‍ക്കിയിലും സുറിയയിലും ഇന്ന് പണിതുയര്‍ത്തിയിരിക്കുന്ന മിക്ക വലിയ മുസ് ലിം ആരാധനാലയങ്ങളുടെ ചുറ്റിലെ ഓരോ മണല്‍ത്തരിയിലും ക്രിസ്ത്യാനികളുടെ രക്തം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ധാര്‍മികമായും രാഷ്രീയമായും ഇത് അപലപിക്കപ്പെടേണ്ടത് തന്നെയാണ്. വീണ്ടും അപമാനിക്കപ്പെടുന്നതില്‍ വേദനയുണ്ട്. - സക്കറിയ മാര്‍ നിക്കോളോവോസ് പറഞ്ഞു

ദുരന്തങ്ങള്‍ മറ്റു ദുരന്തങ്ങള്‍ക്ക് വാതില്‍ തുറക്കുകയാണ്. അക്രമം കാട്ടുന്നതിനു നേതൃത്വം നല്‍കുക മാത്രമല്ല, ലോകത്തുള്ള എല്ലാ മുസ് ലിമുകളും ഇത് മാതൃകയാക്കി ഉണരാന്‍ പ്രേരിപ്പിക്കുന്ന തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍റെ പ്രസ്താവന ലോക സമാധാനത്തിനു തന്നെ ഭീഷണിയാണ്- സീറോ മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തെഫനോസ് പറഞ്ഞു . അരൂപിയില്‍ ആശ്രയിച്ചുള്ള തീവ്രമായ പ്രാര്‍ഥനകളും നീക്കങ്ങളും ഉണ്ടാകണം. പോപ്പ് ഫ്രാന്‍സിസ് കത്തോലിക്കാ സഭയുടെ ശക്തമായ പ്രതിഷേധവും വേദനയും തുർക്കി പ്രസിഡന്‍റിനെ അറിയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്തീയ സഭയുടെ ഈറ്റില്ലമായ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഇന്ന് നാമാവശേഷം ആയത് ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളെ ഭീഷണിയായി കാണണം. ക്രിസ്തീയ സഭകളിലെ അനൈക്യം ചൂഷണം ചെയ്യപ്പെടുകയാണ്. ഈ പ്രതിസന്ധി ഒരു വെല്ലുവിളിയായി ഏറ്റെടുത്തു ക്രിസ്തീയ സമൂഹം ഒന്നായി നില്‍ക്കുവാനുള്ള അവസരമായി ഇതിനെ കാണണമെന്നും മാർ ജോയ് ആലപ്പാട്ടു പറഞ്ഞു.

ബിഷപ്പ് ജോണ്‍സി ഇട്ടിയുടെ പ്രാരംഭ പ്രാര്‍ഥനയോടെ വെര്‍ച്വല്‍ റാലി ആരംഭിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം സെക്രട്ടറി കോരസണ്‍ വര്‍ഗീസ് ആമുഖ പ്രസംഗത്തില്‍ ഹാഗിയ സോഫിയ ദേവാലയത്തിന്‍റെ ചരിത്രപശ്ചാത്തലം വിശദീകരിച്ചു. സീഫോര്‍ഡ് സിഎസ് ഐ ചര്‍ച്ചിലെ യുവഗായിക ശ്രുതി ജോണ്‍ 'ഫെയ്ത് ഓഫ് ഔര്‍ ഫാദേര്‍സ്' എന്ന ക്രിസ്തീയഗാനം ആലപിച്ചു.
തോമസ് റ്റി. ഉമ്മന്‍ സ്വാഗതം ആശംസിച്ചു. സിഎസ് ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ചു റവ. ജോബി ജോയി, മാത്തോമ സഭയുടെ അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള, ഫാ. കെ.കെ. ജോണ്‍, ഫാ. ജോണ്‍ തോമസ്, പാസ്റ്റര്‍ ഡോ. ഇട്ടി എബ്രഹാം, പാസ്റ്റര്‍ വില്‍സണ്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ത്തോമ സഭാ അമേരിക്ക -യൂറോപ്പ് ഭദ്രാസനാധിപൻ ഐസക് മാര്‍ ഫിലക്‌സിനോസിന്‍റെ സന്ദേശം സഭാ സെക്രട്ടറി റവ മനോജ് ഇടിക്കുള വായിച്ചു. റവ. ജോബി ജോണ്‍ (ഓസ്ട്രേലിയ ) ഡോ . മാത്യു ജോയ്സ് ( ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് ), ചാര്‍ളി പടനിലം (ഇന്ത്യ ഓര്‍ത്തഡോക്സ് ചര്‍ച്ച് മീഡിയ), തോമസ് തോമസ് (കാനഡ) തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമായി സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുമായി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.

ക്രിസ്ത്യന്‍ ഫോറം നേതാവ് ജോര്‍ജ് എബ്രഹാം തുര്‍ക്കിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു.

ഈ വെര്‍ച്യുല്‍ റാലി ഒരു തുടക്കം മാത്രമാണെന്നും ക്രൈസ്തവസമൂഹത്തെ സംഘടിതമായി അണിനിരത്തി പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും തോമസ് റ്റി. ഉമ്മന്‍ പറഞ്ഞു. ക്രൈസ്തവ സമൂഹം സഭാ അധ്യക്ഷന്മാരോടൊപ്പം തുര്‍ക്കിയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച ഈ സന്ദര്‍ഭം ചരിത്രമുഹൂര്‍ത്തമാണെന്നും തോമസ് റ്റി ഉമ്മന്‍ അഭിപ്രായപ്പെട്ടു.

2020 ഒട്ടൊന്നുമല്ല ഇതുവരെ കെടുതികള്‍ സമ്മാനിച്ചു താണ്ഡവമാടുന്നത്. മനുഷ്യചരിത്രത്തിലെ മറക്കാനാവാത്ത ചില ഇടനാഴികളിലൂടെയാണ് നാം അറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് --ക്രിസ്ത്യന്‍ ഫോറം സെക്രട്ടറി കോറസന്‍ വര്‍ഗീസ് പറഞ്ഞു.

ക്രിസ്ത്യന്‍ ഫോറം ട്രഷറര്‍ പി.വി. വര്‍ഗീസ് നന്ദി പറഞ്ഞു. സമാപന പ്രാര്‍ഥനക്കു ഫാ. ജോണ്‍ തോമസ് നേതൃത്വം നല്‍കി. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്തായുടെ ആശിര്‍വാദത്തോടു കൂടി വെര്‍ച്യുല്‍ റാലി സമാപിച്ചു. സജി കരിമ്പന്നൂര്‍, വിപിന്‍ രാജ് എന്നിവരാണ് സൂമിലൂടെയുള്ള വെര്‍ച്വല്‍ റാലിയുടെ വീഡിയോ നിയന്ത്രിച്ചു.