തോമസ് റ്റി. ഉമ്മനും സ്റ്റാൻലി കളത്തിലിനും ന്യൂയോർക്ക് മെട്രോ റീജൺ പിന്തുണ പ്രഖ്യാപിച്ചു
Friday, July 10, 2020 9:21 PM IST
ന്യൂയോർക്ക്: ഫോമാ ട്രഷറാറായി മത്സരിക്കുന്ന തോമസ് റ്റി. ഉമ്മനും ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന സ്റ്റാൻലി കളത്തിലിനും ന്യൂയോർക്ക് മെട്രോ റീജൺ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംഘടനയെ ശക്തിപ്പെടുത്തുവാനും കെട്ടുറപ്പുള്ള പ്രവർത്തനം കാഴ്ചവയ്ക്കുവാനും ഇരു നേതാക്കൾക്കും സാധിക്കുമെന്ന് റീജൺ ഭാരവാഹികൾ പ്രസ്താവിച്ചു.

തോമസ് റ്റി. ഉമ്മനും സ്റ്റാൻലി കളത്തിലും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന പരിപാടികളിലൂടെ ഫോമായെ വളർച്ചയുടെ പുതിയ തലങ്ങളിൽ എത്തിക്കുവാൻ പ്രതിജ്ഞാ ബദ്ധരാണെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഫോമയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടി തോമസ് റ്റി ഉമ്മൻ - സ്റ്റാൻലി കളത്തിൽ ടീമിനെ വിജയിപ്പിക്കുവാൻ ഫോമാ ഡെലിഗേറ്റുകളോട് യോഗം അഭ്യർഥിച്ചു.

വൈസ് പ്രസിഡന്‍റ് കുഞ്ഞു മാലിയിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമാ നാഷണൽ-റീജൺ ഭാരവാഹികളും വിവിധ അസോസിയേഷൻ പ്രസിഡന്‍റ്, സെക്രട്ടറിമാരും മറ്റു ഡെലിഗേറ്റുകളും പങ്കെടുത്തു. റീജിയൻ സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതം പറഞ്ഞു. കോവിഡ് രോഗം മൂലം മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ട്രഷറർ പൊന്നച്ചൻ ചാക്കോ നന്ദി പറഞ്ഞു.

ഫോമയെ വ്യക്തമായ ദിശാബോധത്തോടെ നയിക്കുവാൻ തോമസ് റ്റി ഉമ്മൻ- സ്റ്റാൻലി കളത്തിൽ ടീമിന് സാധിക്കുമെന്നും ദീര്ഘവര്ഷങ്ങളിലൂടെയുള്ള പ്രവർത്തന പാരമ്പര്യം ഫോമായ്ക്കു മുതൽ കൂട്ടാണെന്നും നേതാക്കൾ വ്യക്തമാക്കി. വിവിധ റീജണുകളിൽ നിന്നും വമ്പിച്ച പിന്തുണയാണ് തോമസ് റ്റി ഉമ്മനും സ്റ്റാൻലി കളത്തിലിനും ലഭിക്കുന്നതെന്ന്‌ റീജണിലെ നേതാക്കൾ അറിയിച്ചു. പ്രതികൂലമായ സാഹചര്യങ്ങളാണ് പ്രവാസി സമൂഹത്തെ നേരിടുന്നത്. ഈ സാഹചര്യത്തിൽ വളരെ ഗൗരവത്തോടെ സംഘടനയെ നയിക്കുവാൻ വ്യക്തമായ കാഴ്ചപ്പാടുള്ള നേതൃത്വമാണെന്ന യാഥാർഥ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് തോമസ് റ്റി ഉമ്മൻ - സ്റ്റാൻലി കളത്തിൽ ടീമിനോടൊപ്പം അമേരിക്കൻ മലയാളികൾ അണിനിരക്കുന്നത്.

ഫോമായേ യഥാർഥ ജനകീയ പ്രസ്ഥാനമാക്കി ഉയർത്തുന്നതിനും പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം നേടുന്നതിനും ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നതിനും അക്ഷീണം പ്രവർത്തിക്കുന്ന മുതിർന്ന നേതാവ് തോമസ് റ്റി. ഉമ്മനും യുവ തലമുറയിലെ കരുത്തനായ സ്റ്റാൻലി കളത്തിലും ഫോമായുടെ ദേശീയ നേതൃനിരയിലേക്ക് വരുന്നത് ഫോമയ്ക്കു മുതൽകൂട്ടാണെന്നു ഡെലിഗേറ്റസുകളും ഭാരവാഹികളും വിലയിരുത്തി.

തോമസ് റ്റി ഉമ്മനും സ്റ്റാൻലി കളത്തിലും ഫോമായുടെ ദേശീയ നേതൃത്വത്തിലേക്ക് വരേണ്ടത് മലയാളി സമൂഹത്തിന്‍റെ ആവശ്യമാണെന്നു ഫോമാ ന്യൂ യോർക്ക് മെട്രോ ഭാരവാഹികൾ വ്യക്തമാക്കി.