ക്വിസ് മത്സരം "പവർ മൈൻഡ്‌സ്‌' ജൂലൈ 11 മുതൽ
Thursday, July 9, 2020 8:56 PM IST
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി കുട്ടികൾക്കായി മലയാളി ഹെല്പ് ലൈനും ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയും ചേർന്ന് "പവർ മൈൻഡ്‌സ്’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

അമേരിക്കൻ മലയാളികളുടെ മാനസിക ശാരീരികാരോഗ്യ പരിപാലനത്തിനായി ഈ കൊറോണക്കാലത്ത് മലയാളി ഹെല്പ് ലൈൻ നടത്തിയ വിവിധ പരിപാടികൾ അഭിനന്ദനാർഹമാണ്. അവരുടെ ഏറ്റവും പുതിയ സംരംഭമാണ് ഈ ക്വിസ് മത്സരം. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള നൂറ്റിരുപതോളം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജൂലൈ 11ന് ആരംഭിക്കുന്ന ക്വിസ് മത്സരത്തിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനെത്തുന്നത് .

പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു ശേഷം വ്യത്യസ്ത റൗണ്ടുകൾ കടന്നു വിജയിക്കുന്ന നാല് കുട്ടികളാണ് ഇന്ത്യൻ സ്വതന്ത്ര ദിനത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത്.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രഗത്ഭരുടെ മൂന്നു മാസത്തെ കഠിന പരിശ്രമമാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനു പിന്നിൽ . വിനോദവും വിജ്ജാനവും ഒരുമിക്കുന്ന ഒരു പരിപാടിയാണല്ലോ പ്രശ്നോത്തരി. മലയാളികളുടെ പ്രത്യേക ഇഷ്ടങ്ങളിൽ ഒന്നായ ഈ മത്സരം നമ്മുടെ പുതുതലമുറക്കും പരിചയപ്പെടുത്തുവാൻ മുന്നിട്ടിറങ്ങിയത് മലയാളി ഹെല്പ് ലൈൻ നേതൃത്വമാണ്.

അനിയൻ ജോർജ്, ഹരി നമ്പൂതിരി, ഡോ. ജഗതി, ബിജു സക്കറിയ എന്നിവർ നയിക്കുന്ന ടീമിൽ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ക്വിസിന്‍റെ സുഖമമായ നടത്തിപ്പിനായി ഓരോ വിഭാഗത്തിലും അതാത് മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവർ ഒരുമിച്ചു പ്രവർത്തിക്കും.

കണ്ടന്‍റ് ആൻഡ് റിസർച്ച് ടീമിൽ- അജിത് കൊച്ചൂസ്, ഷിജി അലക്സ്, സജിത്ത് തൈവളപ്പിൽ, ബാബു ചാക്കോ, അജിത് നായർ എന്നിവരും മാർക്കറ്റിംഗിൽ ഷാന മോഹൻ, വിനോദ് കൊണ്ടൂർ, ജോസ് മണക്കാട്ട് എന്നിവരും ടെക്നിക്കൽ വിഭാഗത്തിൽ ബൈജു, സാജൻ മൂലപ്ലാക്കൽ,
റജിസ്ട്രേഷൻ വിഭാഗത്തിൽ ബിജു ജോസഫ്, അനു സ്കറിയ, ബിജു തോണിക്കടവിൽ, റോഷൻ, ഷോളി , സുധീഷ് സുധാകരൻ, ജോർജ് ജോസഫ്, സുനിൽ വർഗീസ്, ഉണ്ണികൃഷ്ണൻ എന്നിവരും പ്രവർത്തിക്കുന്നു.

നമ്മുടെ കുട്ടികളുടെ ബൗധികമായ വളർച്ചയുറപ്പാക്കുന്നതും കാണികൾക്ക് വിനോദം പകരുന്നതുമായ പരിപാടിയിൽ പ്രശസ്ത സിനിമാ താരങ്ങളും മറ്റനവധി വിശിഷ്ടാതിഥികളും മത്സരാർഥികളുമായി സംവദിക്കാനെത്തുന്നു.പരിപാടി അമേരിക്കൻ മലയാളികൾക്ക് ഒരു പുതിയ ദൃശ്യാനുഭവമാവും എന്ന് മലയാളി ഹെല്പ് ലൈനും ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയും ഉറപ്പു നൽകുന്നു.

റിപ്പോർട്ട്: ഷിജി അലക്സ്