ഏഴു വർഷം പിന്നിട്ടിട്ടും ലക്ഷ്യം പൂർത്തീകരിക്കാനാവാതെ പാട്രിക് മിഷന്‍ പ്രോജക്റ്റ്
Friday, June 5, 2020 5:05 PM IST
ഡാളസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടലിന്‍റെ സ്മരണക്കായി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്ട് 2020 ജൂൺ 4നു ഏഴു വർഷം പിന്നിടുകയാണ്. ഇതുവരെയും ഈ പദ്ധതി പൂർണമായി പൂര്‍ത്തീകരികുന്നതിനോ ,ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനോ സാധിച്ചിട്ടില്ലായെങ്കിലും സഭാ സ്‌നേഹികളേയും പ്രത്യേകിച്ചും യുവജനങ്ങളേയും കുടുംബാംഗങ്ങളേയും മനസിൽ ഇന്നും ഒരു വേദനിക്കുന്ന,ആവേശം പകരുന്ന ഓർമയായി പാട്രിക് നിലനിൽക്കുന്നു .

നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്‍റെ ആഭിമുഖ്യത്തില്‍ ഒക് ലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുകാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിൽ 2013 ജൂണ്‍ 4 നാണ് പാട്രിക് അപകടത്തിൽ മരിക്കുന്നത്. 2004 ല്‍ ഉപരിപഠനാര്‍ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക്, ടെക്‌സസ് ഇന്‍സ്ട്രുമെന്‍റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.

മലയാളികളായ ചെറിയാന്‍ - ജെസി ദമ്പതികളുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്‌പോര്‍ട്‌സിലും ഗിത്താര്‍ വായനയിലും അതീവ സമര്‍ഥനായിരുന്നു.ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു എന്നു മാത്രമല്ല, ആധുനിക സംസ്‌കാരത്തിന്‍റെ ദൂഷിത വലയത്തിലകപ്പെട്ടു അന്ധകാര ശക്തികള്‍ക്കു അടിമപ്പെട്ടിരുന്ന നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്കു നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്നു പാട്രിക് മരുതുംമൂട്ടില്‍.

കോളജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്‍റേഷന്‍ ടീം മെന്‍റര്‍, യുറ്റിഡി സ്റ്റുഡന്‍റ് അംബാസഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളില്‍ പ്രവര്‍ത്തനനിരതനായിരുന്നു.

ഡാളസ് സെന്‍റ് പോള്‍സ് മാര്‍ത്തോമ ഇടവകാംഗമായിരുന്ന പാട്രിക്ക് ഡാളസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നല്‍കുന്നതില്‍ മുന്‍ പന്തിയിലായിരുന്നു. മാര്‍ത്തോമ സഭക്കുവേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ചു ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നും അതു പാട്രിക് മിഷന്‍ പ്രോജക്ടിന്‍റെ ഭാഗമായിരിക്കുമെന്നും 2014 ല്‍ ഭദ്രാസന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തില്‍ ഭദ്രാസന എപ്പിസ്‌കോപ്പയാണ് പ്രഖ്യാപിച്ചത്.

പാട്രിക്കിന്‍റെ ഒന്നാം ചരമ വാര്‍ഷികദിനമായ ജൂൺ നാലിന് ഒ ക് ലഹോമ ബ്രോക്കന്‍ ബോയില്‍ പുതിയ കെട്ടിടത്തിന്‍റെ കൂദാശ നിര്‍വഹിക്കുന്നതിനുമായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്.ഇതിന്‍റെ ചുമതല സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 2,20,000 ഡോളര്‍ ചെലവഴിച്ചു രണ്ടു ഘട്ടങ്ങളായി പണിപൂര്‍ത്തികരിക്കാനായിരുന്നു പദ്ധതി.

ഭദ്രാസന എപ്പിസ്‌കോപ്പാ ഡോ. ഗീവര്‍ഗീസ് തെയോഡോഷ്യസിന്‍റെ കാലാവധി പൂര്‍ത്തിയാക്കിയിട്ടും പണി ആരംഭിക്കുവാന്‍ കഴിയാതിരുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക്ക് മാര്‍ ഫിലക്‌സിനോസ് 2016 ഓഗസ്റ്റ് 13 ന് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയോടെ ആരംഭിച്ചു. ഈ കെട്ടിടത്തിന്‍റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളര്‍ ചെലവഴിച്ചു പൂര്‍ത്തിയാക്കിയതിന്‍റെ കൂദാശാകര്‍മം 2017 ജൂണ്‍ 8 നു എപ്പിസ്‌കോപ്പാ നിര്‍വഹിച്ചു. ഇപ്പോള്‍ മൂന്നു വർഷം കൂടി കടന്നു പോയിരിക്കുന്നു.

ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിടത്തു തന്നെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമോ, അതോ പ്രോജക്ടിന്‍റെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിനു സഭാ ജനങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.ഭദ്രാസന സഭാ നേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷൻ പ്രോജക്റ്റ് പോലെ തന്നെ ,അറ്റ്ലാന്‍റ പ്രോജക്റ്റ് , മെക്സിക്കോമിഷൻ ഉൾപ്പെടെ ഭദ്രാസനം ഏറ്റെടുത്ത പല പദ്ധതികൾക്കും പുതിയതായി ഏറ്റെടുക്കുന്ന പ്രോജക്ടുകൾകും ഇതേ ഗതി തന്നെ ഉണ്ടാകുമോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ ഒട്ടും അതിശയോക്തിയില്തന്നെ:!! ബ്രോക്കന്‍ ബോയില്‍ ഇത്രയും തുക ചെലവഴിച്ചു പൂര്‍ത്തീകരിച്ച കെട്ടിടം മൂന്നു വര്‍ഷത്തിനുള്ളില്‍ എത്ര തവണ ഉപയോഗിക്കേണ്ടി വന്നുവെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി രണ്ടാം ഘട്ട നിര്‍മാണത്തിന് പണം ചെലവഴിക്കുന്നതെന്തിന്നാണെന്നാണ് ദീര്‍ഘ വീക്ഷണമുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യം.എപ്പിസ്‌കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. പദ്ധതിക്കായി ഇനിയും നീക്കി വച്ചിരിക്കുന്ന തുക പ്രോജക്ടിന്റെ ആരംഭത്തിൽ തന്നെ പലരും ചൂണ്ടികാട്ടിയിരുന്നതുപോലെ ഒരു എന്‍ഡോവ്‌മെന്‍റ് ഫണ്ടായി മാറ്റി.ഇതില്‍ നിന്നും നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. എല്ലാ വര്‍ഷവും നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പാട്രിക്കിന്‍റെ സ്മരണ നിലനിര്‍ത്തുമെന്നും അഭിപ്രായം ഉയരുന്നു. ഭദ്രാസന എപ്പിസ്‌കോപ്പാ ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചു ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ