ഇല്ലിനോയിൽ കോവിഡ് രോഗികൾ ഒരുലക്ഷം കവിഞ്ഞു
Thursday, May 21, 2020 7:27 PM IST
സ്പ്രിംഗ്ഫീൽഡ് : ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി സംസ്ഥാന ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. 1,00,418 കോവിഡ് കേസുകളും 4,525 മരണവുമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മേയ് 20 നു മാത്രം 2388 പുതിയ കേസുകളും 147 മരണവും റിപ്പോർട്ട് ചെയ്തതായും അധികൃതർ അറിയിച്ചു. ഇല്ലിനോയ് ഹൗസിൽ ബുധനാഴ്ച ഇരുകക്ഷികളും ചേർന്ന് അംഗീകരിച്ച പ്രമേയത്തിൽ സഭാംഗങ്ങൾ ഉൾപ്പെടെ എല്ലാവരും മൂക്കും വായും കവർ ചെയ്തുകൊണ്ടുള്ള മാസ്ക്കുകൾ ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കൻ സ്റ്റേറ്റ് പ്രതിനിധി ഡാരൻ ബെയ്‌ലി മാസ്ക്ക് ധരിക്കാത്തതിനാൽ ലജിസ്ലേറ്റീവ് സെഷനിൽ നിന്നും ഒഴിവാക്കുന്നതിന് സഭാ പ്രതിനിധികൾ വോട്ടിനിട്ട് തീരുമാനിച്ചു. ഇരുപത്തിയേഴിനെതിരെ 87 വോട്ടുകൾക്കാണ് ബെയ്‍ലിയെ ഒഴിവാക്കുന്നതിനുള്ള പ്രമേയം പാസായത്.

ഇല്ലിനോയ് സംസ്ഥാനത്ത് പല നിയന്ത്രണങ്ങൾക്കും അയവ് വരുത്തിയതായി ഗവർണർ ജെ.ബി. പ്രിറ്റ്സ്ക്കർ അറിയിച്ചു. എല്ലാ സംസ്ഥാന പാർക്കുകളും മേയ് 29 ന് തുറക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. അതേ സമയം കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21029 പരിശോധനകളിൽ 11.4 ശതമാനം മാത്രമാണ് പോസിറ്റീവായത്. അസുഖം ആരംഭിച്ചതു മുതൽ 642713 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ