ഡാളസ് രാധാകൃഷ്ണ ടെംപിൾ പുതിയ കെട്ടിട നിർമാണത്തിന് ഭൂമി പൂജ നിർവഹിച്ചു
Wednesday, May 20, 2020 5:53 PM IST
ഡാളസ്: ഡാളസ് അലൻ സിറ്റിയിലുള്ള രാധാകൃഷ്ണ ടെന്പിളിന്‍റെ ദീർഘകാല സ്വപ്നമായ പുതിയ കെട്ടിട നിർമാണത്തിനു വേണ്ടിയുള്ള ഭൂമി പൂജാ കർമം ഭക്തിനിർഭരമായ ചടങ്ങുകളോടെ വീഡിയോ കാമറ, ലാപ് ടോപ് എന്നിവയുടെ സഹായത്തിൽ നിർവഹിക്കപ്പെട്ടു.

മേയ് 15നുആയിരുന്നു ചടങ്ങുകൾ. പുതിയ ബിൽഡിംഗ് നിർമാണത്തിന് ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണ്. ഇനിയും നീട്ടി കൊണ്ടുപോകാൻ സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനാലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ അമ്പല ഭാരവാഹികൾ തീരുമാനിച്ചത്. കഴിഞ്ഞ ചില മാസങ്ങളായി കോവിഡ് മഹാമാരി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വൈകിപ്പിച്ചിരുന്നു. ഈശ്വര വിശ്വാസികളുടെ നിറ സാന്നിധ്യത്തിൽ നടത്തേണ്ട പുണ്യ കർമമാണ് ആധ്യാത്മിക നേതാവ് സ്വാമി മുകുന്ദാനന്ദയുടെ നേതൃത്വത്തിൽ സൂമിലൂടെ നിർവഹിക്കപ്പെട്ടത്.

2020 മാർച്ചിൽ നടക്കേണ്ടതായിരുന്നു ഈ പൂജാ ഭൂമി പൂജക്കു ശേഷമുള്ള മഹാപ്രസാദം ഓൺലൈൻ ഓർഡർ വഴി ആരാധനകൾക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിരുന്നു.

ഇന്ത്യയിലെ അമ്പലത്തിലിരുന്ന ഭക്തി ഗാനങ്ങളുടേയും കീർത്തനങ്ങളുടേയും സാന്നിധ്യത്തിലാണു സ്വാമി കർമം പൂർത്തീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഞങ്ങൾക്കേറ്റവും ഉചിതമായതെന്നു തീരുമാനിച്ചതിനു ശേഷമാണ് ഭൂമി പൂജാ കർമ്മം നിർവഹിച്ചതെന്ന് ടെന്പിളിന്‍റെ പ്രസിഡന്‍റ് ശ്രേയാ ബട്ട് പറഞ്ഞു.പുതിയ ബിൽഡിംഗ് പൂർത്തിയാക്കുന്നതോടെ ക്ലാസ് റൂമുകളും വെഡിംഗ് ഹാളുകളും യോഗാ മുറികളും ഭക്തരുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ