യുഎസ് പ്രൈമറി തെരഞ്ഞെടുപ്പ് മാർച്ച് 3 ന്; മലയാളി സ്ഥാനാർഥികളുമായി ഹൂസ്റ്റൺ വീണ്ടും ശ്രദ്ധാകേന്ദ്രം
Friday, February 28, 2020 3:43 PM IST
ഹൂസ്റ്റൺ: അമേരിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹൂസ്റ്റണിൽ മലയാളി സ്ഥാനാർഥികൾ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് 3 മലയാളി സ്ഥാനാർഥികളും ഡമോക്രാറ്റിക് പാർട്ടിയിൽനിന്ന് ഒരാളുമാണ് ഇത്തവണ ജനവിധി തേടുന്നത്. ഡാൻ മാത്യൂസ് ഡിസ്ട്രിക്ട് 22 ൽനിന്നും ടോം വിരിപ്പൻ ഡിസ്ട്രിക്ട് 27 ൽനിന്നും ജയ്സൺ ജോസഫ് ടാക്സ് അസസർ കളക്ടർ സ്ഥാനത്തേയ്ക്കും റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിക്കുന്പോൾ ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും ജുഡീഷൽ ഡിസ്ട്രിക്‌ട് കോർട്ട് ജഡ്ജ് ആയി സുരേന്ദ്രൻ കെ.പട്ടേലും ജനവിധി തേടുന്നു.

ഡിസ്ട്രിക്ട് 22 ൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക് സ്ഥാനാർഥിയായി ഡാൻ മാത്യൂസ് മത്സരിക്കുന്നു. 30 വർഷമായി ഈ ജില്ലയിൽ താമസിക്കുന്ന ഡാൻ ഓയിൽ ആൻഡ് ഗ്യാസ്‌ മേഖലയിൽ പ്രവർത്തിക്കുന്നു. നല്ലൊരു പ്രസംഗികൻ കൂടിയായ ഡാൻ പ്രൈമറിയിൽ കടുത്ത മത്സരമാണ്‌ കാഴ്ച വയ്ക്കുന്നത്. ഈ ജില്ലയിൽ ഫോർട്ട് ബെൻഡ് കൗണ്ടി, ബ്രസോറിയ, ഹാരിസ് കൗണ്ടിയുടെ ഭാഗം എന്നിവ ഉൾപ്പെടുന്നു. ഡാൻ പ്രൈമറിയിൽ ജയിച്ച്‌ നവംബറിലും ജയിച്ചു വന്നാൽ അത് ഒരു ചരിത്ര സംഭവമായി മാറും. ഫോർട്ട്ബെൻഡ് റിപ്പബ്ലിക്കൻ ബാലറ്റിൽ ഡാന്‍റെ പേര് 4 നമ്പറിലും ബ്രസോറിയ കൗണ്ടി ബാലറ്റിൽ 7 ഉം ഹാരിസ് കൗണ്ടിയിൽ ഡാന്‍റെ പേര് 14 ഉം ആണ്.

ടോം വിരിപ്പൻ ടെക്സസ് സ്റ്റേറ്റ് ഡിസ്ട്രിക്ട് 27 ൽ നിന്ന് മത്സരിക്കുന്നു. സ്റ്റാഫ്‌ഫോർഡ്, മിസൗറി സിറ്റി, ഷാഡോ ക്രീക്ക് (ഫോർട്ബെൻഡ് ഏരിയ) എന്നീ പ്രദേശങ്ങളാണ് ഡിസ്ട്രിക്ട് 27 ൽ ഉൾപ്പെടുന്നത്. എഴുത്തുകാരനും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യവും റിയൽ എസ്റ്റേറ്റ് ഏജന്‍റുമായ ടോമിന് ഒരു എതിരാളി മാത്രമേയുള്ളൂ, അതും ഒരു ഇന്ത്യക്കാരൻ തന്നെ. ജയ സാധ്യതയിൽ ടോമിനു നല്ല പ്രതീക്ഷയുണ്ട്.

ജയ്സൺ ജോസഫ് വിജയ പ്രതീക്ഷയുമായി ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസർ കളക്ടർ ( Tax Assessor Collector) സ്ഥാനത്തിനായി മത്സരിക്കുന്നു. അദ്ദേഹം ഐടി കോർപ്പറേറ്റ് മേഖലയിൽ വ്യത്യസ്ത സ്ഥാനങ്ങൾ വഹിക്കുന്നു

ഡെമോക്രാറ്റിക്‌ പാർട്ടി പ്രതിനിധിയായി ഫോർട്ട് ബെൻഡ് കൗണ്ടി 505 ജുഡീഷൽ ഡിസ്ട്രിക്‌ട് കോർട്ട് ജഡ്ജ് ആയി മത്സരിക്കുന്ന സുരേന്ദ്രൻ കെ.പട്ടേൽ വലിയ വിജയപ്രതീക്ഷയിലാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) മുൻ പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്ന സുരേന്ദ്രൻ പ്രചാരണത്തിൽ വലിയ മുന്നേറ്റമാണ് ഇതുവരെ നടത്തിയുള്ളത്. ഇന്ത്യയിലെ സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരേന്ദ്രൻ, ഇപ്പോൾ ഫോര്‍ട്ബെൻഡ് കൗണ്ടിയിൽ അറ്റോർണിയായി പ്രാക്ടീസ് ചെയ്തു വരുന്നു. ഇന്ത്യയിലും അമേരിക്കയിലുമുള്ള ദീർഘനാളത്തെ അനുഭവ പരിചയം ഡിസ്ട്രിക്ട് ജഡ്ജ് സ്ഥാനത്തേക്ക് ഒരു മുതൽക്കൂട്ടാണെന്നു സുരേന്ദ്രൻ പറഞ്ഞു.

ഫെബ്രുവരി 18നു ആരംഭിച്ച ഏർലി വോട്ടിംഗിൽ നൂറു കണക്കിന് മലയാളികളാണ് വോട്ടുകൾ രേഖപെടുത്തിയത്. ഏർലി വോട്ടിംഗ് സൗകര്യം ഫെബ്രുവരി 28 നു (വെള്ളി) സമാപിക്കും. മാർച്ച് 3 നു (ചൊവ്വ) രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയാണ് തെരഞ്ഞെടുപ്പ്.

റിപ്പോർട്ട് : ജീമോൻ റാന്നി