ഡൽഹി അക്രമം: ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നു ന്യൂയോർക്ക് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ
Thursday, February 27, 2020 8:59 PM IST
ന്യൂയോർക്ക് : ഡൽഹിയിൽ പൊട്ടിപുറപ്പെട്ട അക്രമപ്രവർത്തനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നു ന്യൂയോർക്ക് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങൾ നശിപ്പിക്കുകയും അക്രമങ്ങൾക്കു നേതൃത്വം നൽകുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവർ ആരായാലും മതമോ നിറമോ നോക്കാതെ അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് എച്ച്എഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സുഹാഗ് ശുക്ല പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയും അധികൃതർ സമാധാനം സ്ഥാപിക്കുന്നതിന് അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഹിന്ദു അമേരിക്കൻസ് സമാധാനത്തിനു വേണ്ടി നിൽക്കുന്നവരാണെന്നും അമേരിക്കയിലും ഇന്ത്യയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ജനാധിപത്യവും തുല്യ അവകാശവും നിഷേധിക്കപ്പെടരുതെന്നും സംഘടനാ ഭാരവാഹികൾ അഭ്യർഥിച്ചു. വിവിധ മത നേതാക്കന്മാരും സാമൂഹ്യ പ്രവർത്തകരുമായും ഈ വിഷയത്തെ കുറിച്ചു ചർച്ച നടത്താൻ ഇന്ത്യാ ഗവൺമെന്‍റ് തയാറാകണമെന്നും എച്ച്എഎഫ് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ