ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു; പ്രഫ. ജോസഫ് എം.ചാലില്‍ ചെയര്‍മാന്‍
Wednesday, February 26, 2020 10:56 PM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബി (ഐഎപിസി) ന്‍റെ ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു.

യൂണിവേഴ്‌സല്‍ ന്യൂസ് നെറ്റ് വര്‍ക്ക്, ദി യുഎന്‍എന്‍ ഡോട്ട് കോം എന്നിവയുടെ പ്രസാധകനും അമേരിക്കയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ വംശജനുമായ പ്രഫ. ജോസഫ് എം. ചാലിലിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. വൈസ്ചെയര്‍മാനായി ഡോ. മാത്യു ജോയിസിനെയും മറ്റ് അംഗങ്ങളായി കമലേഷ് മേത്ത,അജയ് ഘോഷ്, പര്‍വീണ്‍ ചോപ്ര, മാത്തുക്കുട്ടി ഈശോ (ബോര്‍ഡ് സെക്രട്ടറി), പി.വി. ബൈജു, തോമസ് മാത്യു (അനില്‍), ജിന്‍സ്‌മോന്‍ പി. സക്കറിയ, കോരസണ്‍ വര്‍ഗീസ്, മിനി നായര്‍,തമ്പാനൂര്‍ മോഹന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

എഎപിഐ ഗ്ലോബല്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്ക് ചെയര്‍മാനും നോവ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗവുമാണ് പ്രഫ. ജോസഫ് എം. ചാലില്‍. നോവ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ബിസിനസിലെ കോംപ്ലക്‌സ് ഹെല്‍ത്ത് സിസ്റ്റംസ് അഡ്വൈസറി ബോര്‍ഡില്‍ ചെയര്‍മാന്‍ പദവിയും ആജങ്ക്റ്റ് പ്രഫസർ ചുമതലയും അദ്ദേഹം വഹിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ ഡിബിവി ടെക്‌നോളജീസ് ഐഎന്‍സിയില്‍ സീനിയര്‍ മെഡിക്കല്‍ ഡയറക്ടറും അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവുകളുടെ ഫെലോയായും പ്രവര്‍ത്തിക്കുന്നു.

ബോഹ്രിംഗര്‍ ഇംഗല്‍ഹൈമില്‍ ഫിസിഷ്യന്‍ എക്‌സിക്യൂട്ടീവും യുഎസ് നേവി മെഡിക്കല്‍ കോര്‍പ്‌സ് വിദഗ്ധനുമായിരുന്നു ഡോ. ചാലില്‍. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്‍റില്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുള്ള ഡോ. ചാലിലിന്, അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യുട്ടീവുകളുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

അമേരിക്കയിലെ ഫിസിഷ്യന്‍മാരുടെ രണ്ടാമത്തെ വലിയ സംഘടനയും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) ട്രയല്‍ നെറ്റ് വര്‍ക്കുമായ ഗ്ലോബല്‍ ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാന്‍ കൂടിയാണ് ഡോ. ചാലില്‍. കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ എഎപിഐയുടെ ശാസ്ത്ര ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിരവധി യുഎസ് പേറ്റന്‍റുകള്‍ സ്വന്തമാക്കിയിട്ടുള്ള ഡോ. ചാലിലിന്‍റെ ഗവേഷണങ്ങളില്‍, സിസ്റ്റിക് ഫൈബ്രോസിസിലെ ക്ലിനിക്കല്‍ ട്രയല്‍ മാനേജ്‌മെന്‍റ്, ഫുഡ് അലര്‍ജി, മള്‍ട്ടിപ്പിള്‍ മൈലോമ തുടങ്ങിയവ ഉള്‍പ്പെടുന്നു. വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രഫസറായ ഡോ. ചാലില്‍, വിവിധ കമ്പനികളുടെ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ പരിരക്ഷാ നയത്തിനെയും രോഗികളെ കേന്ദ്രീകരിച്ചുള്ള പരിചരണത്തിനായും ഇദ്ദേഹം ശക്തമായി വാദിക്കുന്നു.

2015-ല്‍ എഎപിഐ ദേശീയ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിനും അര്‍ഹനായി.
2013-ല്‍ ഏഷ്യ-അമേരിക്കയിലെ മികച്ച 50 ബിസിനസുകാരില്‍ ഒരാളായും 2013-ല്‍ എഎപിഐ ന്യൂയോര്‍ക്ക് പ്രസിഡന്‍റ് പുരസ്‌കാര ജേതാവായും ഡോ. ചാലില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2013-ല്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎസിഐഒ) കാര്‍ഡിയോളജി മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് പുരസ്‌കാരം നല്‍കി ആദരിച്ചു. 2011, 2014 വര്‍ഷങ്ങളില്‍ ബോഹ്രിംഗര്‍ ഇംഗല്‍ഹൈം പ്രസിഡന്‍റ് ക്ലബ് വിജയിയായ ഡോ. ചാലില്‍ കോട്ടയം പാലാ സ്വദേശിയാണ്. ഭാര്യ: ഡോ. സുമി ചാലില്‍. മക്കൾ: മാത്യു ചാലിൽ, തോമസ് ചാലിൽ.

നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. മാത്യു ജോയിസ് ഐഎപിസിയുടെ ആദ്യകാല അംഗങ്ങളില്‍ ഒരാളാണ്. ഇന്ത്യയില്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ സാമ്പത്തിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും റോട്ട്രാക്ട് ക്ലബ് ഡയറക്ടര്‍, എംപ്ലോയീസ് ഫെഡറേഷന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഐഎപിസിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ബൈബിളിലെ പ്രേമകാവ്യവും പത്തുകല്‍പ്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന 'എന്‍റെ പ്രിയേ' എന്ന പുസ്തകത്തിന്‍റേയും, 'അമേരിക്കന്‍ ആടുകള്‍' എന്ന സമാഹാരത്തിന്റെയും രചയിതാവാണ്. ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് വാര്‍ത്താ ന്യൂസ്പേപ്പറിന്റെ എക്‌സിക്റ്റൂട്ടീവ് എഡിറ്ററും എക്‌സ്പ്രസ് ഹെറാള്‍ഡ് അസോസിയേറ്റ് എഡിറ്ററും നേര്‍കാഴ്ച വാരികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമാണ്.

ലോംഗ് ഐലന്‍റില്‍ നിന്നുള്ള മാധ്യമ സംരംഭകന്‍, സീനിയര്‍ റൊട്ടേറിയന്‍, കമ്യൂണിറ്റി ലീഡര്‍, ബിസിനസുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കമലേഷ് മേത്ത നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള ഇന്തോ അമേരിക്കന്‍ ഇംഗ്ലീഷ് മാധ്യമഗ്രൂപ്പായ ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് സ്ഥാപകനാണ്. രാജസ്ഥാനിലെ ഒരു പ്രമുഖ ജെയിന്‍ കുടുംബാംഗമായ അദ്ദേഹം 1985-ല്‍ ബോംബെയില്‍ വജ്രവ്യാപാരം ആരംഭിച്ചു. വ്യാപാരം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ 1986-ല്‍ ന്യുയോര്‍ക്കിലേക്കു കുടിയേറിയ കമലേഷ് അവിടെ ജംസ്റ്റോണ്‍, വജ്രം എന്നിവയുടെ വ്യാപാരം ആരംഭിച്ചു. 2008-ല്‍ ആണ് കമലേഷ് മാധ്യമ ബിസിനസിലേക്കു കടന്നത്. കമ്യൂണിറ്റിക്ക് വേണ്ടിയുള്ള കമലേഷിന്റെ വീക്കലി പത്രമായ ' ദ സൗത്ത് ഏഷ്യന്‍ ടൈംസിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് ' ദ ഏഷ്യന്‍ ഇറയുടെ പബ്ലീഷറാണ്.

നിരവധി സാമൂഹിക സംഘടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം രാജസ്ഥാന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും 2012-ല്‍ ഹിക്സ് വില്ലില്‍ ആരംഭിച്ച ഇന്ത്യന്‍ ഡേ പരേഡിന്‍റെ സ്ഥാപകനും ആണ്. ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡുകളും കമ്യൂണിറ്റി സംഘടനകളുടെ ബഹുമതി പത്രങ്ങളും കമലേഷ് മേത്തയെ തേടിയെത്തിയിട്ടുണ്ട്.

യൂണിവേഴ്‌സല്‍ ന്യൂസ് നെറ്റ് വര്‍ക്കിന്‍റെയും ഏഷ്യന്‍ ഈറ മാഗസിന്‍റേയും ചീഫ് എഡിറ്ററായ ഡോ. അജയ്ഘോഷ് ഐഎപിസിയുടെ സ്ഥാപക പ്രസിഡന്‍റും ഐഎപിസി ഡയറക്ടര്‍ ബോര്‍ഡിലെ സ്ഥിരാംഗവുമാണ്. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്‍റെ അമേരിക്കന്‍ എഡിഷനുകളുടെ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യാ പോസ്റ്റ്, വോയിസ് ഓഫ് ഡല്‍ഹി, ഇന്ത്യട്രിബ്യൂണ്‍ എന്നീ മാധ്യമങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 മുതല്‍ 2008 വരെ ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിച്ച എന്‍ആര്‍ഐ ടുഡേ എന്ന പ്രതിവാര മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2010 മുതല്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ മീഡിയ കണ്‍സള്‍ട്ടന്റായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ 2015 ല്‍ എക്‌സലന്‍സ് ഇന്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.2018 ല്‍ നാമം എന്ന സംഘടനയും ഇദ്ദേഹത്തെ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. 1997 ല്‍ ജേര്‍ണലിസത്തിൽ ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം നേടി സാമൂഹ്യപ്രശ്‌നങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി സമൂഹത്തിനു മുന്നിലെത്തിച്ചു.

പതിറ്റാണ്ടുകളായി അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന പര്‍വീണ്‍ ചോപ്ര സൗത്ത് ഏഷ്യന്‍ ടൈംസിന്‍റെ മാനേജിംഗ് എഡിറ്ററാണ്. 'വണ്‍ വേള്‍ഡ് അണ്ടര്‍ വണ്‍ ഗോഡ് ' എന്ന ഇന്റര്‍ഫെയിത്ത് ജേണലിലും പ്രവര്‍ത്തിക്കുന്നു. പഞ്ചാപ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ പര്‍വീണ്‍, ഇന്ത്യാ ടുഡേ മാഗസിനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ലൈഫ് പോസറ്റീവ് എന്ന സ്പരിച്വല്‍ മാഗസിന്‍റെ സ്ഥാപകനുമായ പര്‍വീണ്‍ ഐഎപിസിയുടെ മുന്‍ പ്രസിഡന്‍റുകൂടിയാണ്.

ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാത്തുക്കുട്ടി ഈശോ മാധ്യമ മാനേജ്മെന്‍റ് രംഗത്തും എഴുത്തിലും പ്രവാസ ലോകത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. ജയ്ഹിന്ദ് വാര്‍ത്ത യുഎസ് എഡിഷന്‍റെ വൈസ് ചെയര്‍മാനും ഗ്ലോബല്‍ റിപ്പോര്‍ട്ടല്‍ ചാനലിന്‍റെ ന്യൂയോര്‍ക്ക് ബ്യൂറോ ചീഫുമാണ്. ന്യൂയോര്‍ക്കില്‍ നിന്നും വിവിധമാധ്യമങ്ങള്‍ക്കായി അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇദ്ദേഹം അറിയപ്പെടുന്ന കോളമിസ്റ്റുകൂടിയാണ്. കാലിക പ്രസക്തിയുളള നിരവധി ലേഖനങ്ങളാണ് മാത്തുക്കുട്ടി ഈശോയുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കസ്റ്റംസ് സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു.

കാനഡയിലെ ആൽബെർട്ടയിലുള്ള മകെവന് യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഒഫ് സോഷ്യൽ വർക്കിൽ അസിസ്റ്റന്‍റ് പ്രഫസറായയ ഡോ. പി.വി. ബൈജു അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമാണ്. കാനേഡിയന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ ജയ്ഹിന്ദ് ‌വാർത്തയിൽ ''അക്കരെ ഇക്കരെ ' എന്ന തന്‍റെ കോളങ്ങളിലൂടെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ഐഎപിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും പ്രമുഖ ഫോട്ടോ ജേണലിസ്റ്റുമാണ് അനില്‍മാത്യു, ഐഎപിസിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഐഎപിസി ഡയറക്ടര്‍ ബോര്‍ഡിലെ സ്ഥിരാംഗമായ ജിന്‍സ്‌മോന്‍ പി. സക്കറിയ സ്ഥാപക ചെയര്‍മാനാണ്. ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മാനേജിംഗ് ഡയറക്ടറായ അദ്ദേഹം ദൃശ്യമാധ്യമരംഗത്ത് പുതുമകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ്. അമേരിക്കയിലും കാനഡയിലും എഡിഷനുകളുള്ള മലയാളപത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ചെയര്‍മാനാണ്. അമേരിക്കയിലെ പ്രമുഖ മലയാളം മാഗസിനായ അക്ഷരം മാസികയുടെ ചീഫ് എഡിറ്ററായ അദ്ദേഹം ഇംഗ്ലീഷ് മാസികയായ ഏഷ്യന്‍ ഈറയുടെ പ്രസിഡന്‍റും സിഇഒയുമാണ്.

അമേരിക്കയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി സൗത്ത് ഏഷ്യന്‍ ടൈംസിന്‍റെ മാനേജ്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന ജിന്‍സ്മോന്‍ പതിനാറുവര്‍ഷം മുമ്പ് ദീപിക ദിനപത്രത്തിന്‍റെ യൂറോപ് എഡിഷന്‍റെ ചാര്‍ജ് ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്.

കോളമിസ്റ്റും ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്ററുമാണ് കോരസണ്‍ വര്‍ഗീസ്. ദൃശ്യമാധ്യമരംഗത്തും തന്റേതായ കഴിവുകള്‍ തെളിയിച്ചിട്ടുളള അദ്ദേഹം ഐഎപിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടനയുടെ പി ആര്‍ഒ ആയും കോരസണ്‍ പ്രവർത്തിച്ചിട്ടുണ്ട്. 'വാല്‍ക്കണ്ണാടി' എന്ന സമാഹാരത്തിന്‍റെ രചയിതാവായ കോരസണ്‍, കലാവേദിയിലൂടെ സംപ്രേഷണം ചെയ്യുന്ന നിരവധി പ്രശസ്ത സാമൂഹ്യ രാഷ്ട്രീയ സാഹിത്യ പ്രതിഭകളുമായിട്ടുള്ള അഭിമുഖ സംവാദങ്ങള്‍ ജനപ്രീതി നേടിയവയാണ്.

മിനി നായര്‍ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയാണ്. 25 വര്‍ഷത്തിലധികമായി വിവിധ ചാനലുകളിലായി നിരവധി പ്രോഗ്രാമുകള്‍ക്കു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചു. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി ടിവി, സൂര്യാ ടിവി, ഇന്ത്യവിഷന്‍, ജയ്ഹിന്ദ് എന്നിവിടങ്ങളിലായി നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നു നിയമബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടിയ മിനി നായര്‍ ദി വൈ ഫൈ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ മാനേജിംഗ് എഡിറ്റര്‍ കൂടിയാണ്.
സ്‌ക്രിപ്റ്റ്, അവതരണം, ടോക് ഷോ, ലൈവ് പ്രോഗ്രാം, എംസി,പ്രോഗ്രാം റിസേര്‍ച്ച്, കോ-ഓര്‍ഡിനേഷന്‍, എഡിറ്റിംഗ് ഹോസ്റ്റിംഗ്, സ്‌ക്രിപ്റ്റിംഗ്, അഭിമുഖം തുടങ്ങി ഒരു മീഡിയയ്ക്ക് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന വ്യക്തിയാണ് മിനി നായര്‍. ഐഎപിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും മുന്‍ നാഷണല്‍ വൈസ് പ്രസിഡന്‍റും അറ്‌ലാന്‍റ ചാപ്റ്ററിന്‍റെ പ്രസിഡന്‍റ് അഡ്വൈസറി ബോര്‍ഡംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തനായ തമ്പാന്നൂര്‍ മോഹന്‍ പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമായ കനേഡിയന്‍ കണക്ഷന്‍റെ നിര്‍മാതാവാണ്. ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ റീജണല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവില്‍ അദ്ദേഹം ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കാനഡ നാഷ്ണല്‍ കോ-ഓര്‍ഡിനേറ്ററാണ് .

റിപ്പോർട്ട് : ഡോ മാത്യു ജോയിസ്