നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം ,ഡയോസിഷ്യൻ സൺ‌ഡേ മാർച്ച് ഒന്നിന്
Tuesday, February 25, 2020 8:45 PM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം മാർച്ച് ഒന്ന് (ഞായർ) ഡയോസിഷ്യൻ സൺ‌ഡേ ആയി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി ആചരിക്കുന്നത്.

ഭദ്രാസനത്തിന്‍റെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ ഫീൽഡുകൾ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന "ലൈറ്റ് ടു ലൈഫ്' ,"കെയറിംഗ് ദി ചിൽഡ്രൻ ഇൻ നീഡ്' തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്.

ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്ന പട്ടക്കാർ മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് ) ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നതും ഭദ്രാസനത്തിന്‍റെ പ്രവർത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകകൾക്കും നിശ്ചയിച്ചിരിക്കുന്ന തുക സമാഹരിക്കുകയും ചെയ്യും .

കഴിഞ്ഞ മുപ്പതു വർഷത്തെ പ്രവർത്തനത്തിന്‍റെ ഫലമായി ഭദ്രാസനത്തിന്‍റെ കീഴിൽ ഇടവകകളും കോൺഗ്രിഗേഷനുമായി 72 ഉം സജീവ സേവനത്തിലും സ്റ്റഡി ലീവിലും വിശ്രമജീവിതം നയിക്കുന്നവരുമായ 67 പട്ടക്കാരുമാണ് പ്രവർത്തിക്കുന്നത് .

8030 കുടുംബങ്ങളായി (യുഎസ്എ -7191, കാനഡ- 839),ആകെ 28882 മെമ്പർമാരാണ് (യുഎസ് എ -20644, കാനഡ -2828) ഭദ്രാസനത്തിലുള്ളത് .

മാർച്ച് ഒന്നിന് ഭദ്രാസന ഇടവകകളിൽ പ്രത്യേകം തയാറാക്കിയ ശുശ്രൂഷ ക്രമങ്ങളും ധ്യാന പ്രസംഗങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത് .

റിപ്പോർട്ട്: പി.പി. ചെറിയാൻ