ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരം: യുഎസ് സെനറ്റർമാർ
Saturday, February 15, 2020 4:39 PM IST
വാഷിംഗ്ടൺ: കാഷ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള മെഹബൂബ മുഫ്തി എന്നിവരെ കരുതൽ തടങ്കലിൽ വയ്ക്കുകയും കസ്റ്റഡി നീട്ടുകയും വിചാരണ കൂടാതെ മൂന്നു മാസം തടവിൽ വയ്ക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയും പൗരത്വ ഭേദഗതി നിയമവും ഇന്ത്യയിൽ ഗുരുതര സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി നാല് സെനറ്റർമാർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്ത് അയച്ചു.

പ്രസിഡന്‍റ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സെനറ്റർമാർ അയച്ച കത്ത് ഏറെ പ്രധാന്യമർഹിക്കുന്നതാണ്.

നൂറുകണക്കിന് കാഷ്മീരികളാണ് മുൻകരുതൽ തടങ്കലിൽ കഴിയുന്നത്. ഇന്ത്യയുടെ മതേതരത്വ സ്വഭാവം ഹനിക്കുന്ന നടപടികൾ മോദി സർക്കാർ സ്വീകരിക്കുന്നതായും ട്രംപിനോട് ഏറ്റവും അടുപ്പമുള്ള റിപ്പബ്ലിക്കൻ അംഗങ്ങളായ ലിംഗ്സി ഗ്രഹാർ, ടോഡ യംഗ്, ഡമോക്രാറ്റിക് അംഗങ്ങളായ വിപ് ഡിക്ക് ഡർബിൻ, ക്രിസ് വാൻ ഹോളൻ എന്നിവർ കത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്തവിധം ദീർഘമായ ഇന്‍റർനെറ്റ് നിരോധനം, മൊബൈൽ ഫോൺ നിയന്ത്രണം എന്നിവയും ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും സെനറ്റർമാർ കത്തിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ