ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മുൻ യൂണിവേഴ്സിറ്റി ബെയ്സ്ബോൾ കോച്ചും കുടുംബവും
Tuesday, January 28, 2020 9:07 PM IST
കലിഫോർണിയ: അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്‍റു മകളും ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ബേയ്സ്ബോൾ കോച്ചും മുൻ കളിക്കാരനുമായ ജോൺ ആൾട്ടാ ബെല്ലി, ഭാര്യ കേറി ആൾട്ടാ ബെല്ലി, മകൾ അലിഷ ആൾട്ടാ ബെല്ലി (13) എന്നിവരും ഉൾപ്പെടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ന്യുപോർട്ട് ബീച്ച് ഹാർബർ ഡെ സ്കൂൾ ബാസ്കറ്റ് ബോൾ കോച്ച് ക്രിസ്റ്റീനാ മൗസർ, സാറാ ചെസ്റ്റർ, മകൾ പെയ്ടൺ ഹെലികോപ്റ്റർ പൈലറ്റ് ഏറ സോമ്പ്‌യാൻ എന്നിവരും ദുരന്തത്തിൽ മരിച്ചു. കോബി ബ്രയാന്‍റിന്‍റെ മകൾ ജിയാനാ, അലിഷ, പെയ്ടൺ എന്നിവർ ബാസ്കറ്റ്ബോൾ താരങ്ങളാണ്. ജിയാനയും അലീഷയും ഒരേ ബാസ്കറ്റ്ബോൾ ടീമംഗങ്ങളുമാണ്.

തൗസന്‍റ്, ഓക്ക്സിലെ മാമ്പ സ്പോർട്സ് അക്കാദമി ട്രെയിനിംഗ് ഫെസിലിറ്റിയിൽ കുട്ടികൾക്കു പരിശീലനം നൽകുന്നത് കോബി ബ്രയാന്‍റായിരുന്നു. കായിക ലോകത്തിന് കനത്ത നഷ്ടമാണ് ഇവരുടെ മരണം. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമ തുടങ്ങിയവർ അനുശോചിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ