റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ഇടവകയ്ക്ക് സ്വപ്നസാക്ഷാത്കാരമായി സ്വന്തം ദേവാലയം
Tuesday, January 28, 2020 12:49 PM IST
ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയ്ക്ക് പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും സാഫല്യമായി സ്വന്തമായ ദേവാലയം. ജനുവരി 26 ഞായറാഴ്ച്ച വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ദിനത്തില്‍ അള്‍ത്താരക്കു മുന്നില്‍ വിശുദ്ധന്റെ രൂപം സാക്ഷിയായി ന്യൂയോര്‍ക്ക് ആര്‍ച് ഡയോസിസും ഹോളി ഫാമിലി ചര്‍ച്ചുമായുള്ള കോണ്‍ട്രാക്ട് വികാരി ഫാ. റാഫേല്‍ അമ്പാടന്‍ ഒപ്പുവച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പള്ളിയങ്കണം നിറഞ്ഞു കവിഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ട്രസ്റ്റിമാരായ ജോസഫ് കാടംതോട്, ആനി ചാക്കോ, നിര്‍മല ജോസഫ്, ജിജോ കെ. ആന്റണി എന്നിവര്‍ക്കു പുറമെ രണ്ട് പതിറ്റാണ്ടായി സ്വന്തം പള്ളിക്കായി ത്യാഗോജ്വലമായി പ്രവര്‍ത്തിച്ച മുന്‍ ട്രസ്റ്റിമാര്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ഫൈനാന്‍സ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദീര്‍ഘകാലം ബില്‍ഡിംഗ് കമ്മിറ്റി ചെയറായിരുന്ന ജയിന്‍ ജേക്കബ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍ ജോഷി ജോസഫ് എന്നിവര്‍ കോണ്‍ ട്രാക്റ്റ് ഫാദര്‍ റാഫേലില്‍ നിന്നു ഏറ്റുവാങ്ങി. റോക്ക് ലാന്‍ഡ് സെന്റ് മേരിസ് സീറോ മലബാര്‍ മിഷന്‍ ആയി ഏതാനും മാസം മുന്‍പ് വരെ പ്രവര്‍ത്തിച്ച വിശ്വാസ സമൂഹം സ്വന്തം ദേവാലയം സാക്ഷാല്ക്കരിക്കുന്ന പശ്ചാത്തലത്തിലാണു ഹോളി ഫാമിലി എന്നു പേര്‍ സ്വീകരിച്ചത്. ന്യു യോര്‍ക്ക് ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ വെസ്ലി ഹില്‍സിലുള്ള സെന്റ് ബോണിഫസ് ചര്‍ച്ചും 17 ഏക്കറില്‍ പരമുള്ള സ്ഥലവും സീറോ മലബാര്‍ സമൂഹത്തിനു കൈമാറുന്നതിനുള്ള കോണ്‍ട്രാക്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു.

ഈ ഇടവകയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച വൈദികരുടെയും കമ്മിറ്റികളുടെയും ഇടവകാംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഈ ചരിത്ര മുഹൂര്‍ത്തം സാധിതമാക്കിയതെന്നു ഫാ. റാഫേല്‍ അനുസ്മരിച്ചു. അവരെ നമിക്കുന്നു.

മിഷന്റെ തുടക്കം മുതല്‍ സേവനമനുഷ്ടിച്ച ഫാദര്‍ ജോസ് കണ്ടത്തിക്കുടി, ഫാ. എബ്രഹാം വല്ലയില്‍, ഫാ. ആന്റോ കുടുക്കാംതടം എന്നിവര്‍ സ്വന്തമായി ആരാധനാലയത്തിനു വേണ്ടി ഒട്ടേറേ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഫാദര്‍ തദേവൂസ് അരവിന്ദത്ത് എട്ടു വര്‍ഷത്തോളം മിഷന്‍ ഡയറക്ടര്‍ ആയിരിക്കെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി. തുടര്‍ന്ന് ആര്‍ച്ച് ഡയോസിസുമായി കരാറിലെത്തി.

ഇപ്പോഴത്തെ വികാരി ഫാ. റാഫേല്‍ അമ്പാടന്റെ നേതൃത്വത്തില്‍ ആ പ്രയത്‌നം സഫലമാകുകയും ചെയ്യുന്നു. ധന്യമായ ഈ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ച വിശ്വാസികള്‍ കരഘോഷത്തോടെ ചടങ്ങുകളെ എതിരേറ്റു.
ഫോട്ടോ: ജോണ്‍ കൊമ്പനത്തോട്ടം