ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Sunday, January 26, 2020 3:49 PM IST
ലണ്ടന്‍ ഒന്റാരിയോ: ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍ (LOMA) 2019- 2021 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജോജി തോമസ്, വൈസ് പ്രസിഡന്റായി ജയ്‌സണ്‍ ജോസഫ്, സെക്രട്ടറിയായി രാജേഷ് ജോസ്, ട്രഷറര്‍ ആയി ജിമ്മി നെടുംപുറത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ഷൈമി കല്ലുമടയില്‍, സബ് കോര്‍ഡിനേറ്റേഴ്‌സായി ദില്‍ന മാര്‍ട്ടിന്‍, അമിത് ശേഖര്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21 നു നടന്ന വര്‍ണാഭമായ ക്രിസ്മസ് പരിപാടിയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ജോജി തോമസ്, ലണ്ടനിലെ ബഹുഭൂരിപക്ഷം മലയാളികളും അംഗങ്ങളായ ലോമയുടെ കഴിഞ്ഞ 42 വര്‍ഷക്കാലത്തെ ചിട്ടയായ പ്രവര്‍ത്തനങ്ങളും, ലണ്ടന്‍ മലയാളികളെ ഒത്തൊരുമിപ്പിച്ച് നടത്തിയ പസ്പര സഹായ സേവന സാന്ത്വന പദ്ധതികളും അവ ഏകോപിപ്പിക്കുന്നതില്‍ ലോമ വഹിച്ച നിസ്തുലമായ പങ്കും പ്രതിപാദിക്കുകയുണ്ടായി.

ലോമയുടെ രൂപീകരണത്തിന് ശേഷം വ്യക്തിതാല്‍പര്യങ്ങള്‍ക്കനുസൃതമായി നിരവധി കൂട്ടായ്മകള്‍ ലണ്ടനില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നെങ്കിലും ഇപ്പോഴും ജാതി മത ഭേദമെന്യെ മാതൃസംഘടനയായ ലോമ എല്ലാ മലയാളി കൂട്ടായ്മകളുടേയും പൊതു വേദിയായി മുന്നേറുന്നതിന് കാരണക്കാരായ, കഴിഞ്ഞ നാല്പത്തിരണ്ടു വര്‍ഷക്കാലത്തില്‍ ലോമയെ നയിച്ച മുന്‍ഗാമികളോടുള്ള ആദരവും എടുത്തു പറയുകയുണ്ടായി.

തുടര്‍ന്നു നടന്ന കലാപരിപാടികളിലെ ലണ്ടന്‍ മലയാളി കുടുംബങ്ങളുടെ സജീവമായ സാന്നിധ്യം അക്ഷരാര്‍ത്ഥത്തില്‍ ലോമയുടെ നേതൃപാടവവും, സ്വാധീനവും പ്രകടമാക്കുന്നതായിരുന്നു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ മാത്യു