ന്യൂജേഴ്സിയിൽ എച്ച് വൺ ബി വീസയുള്ളവരുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ആനുകൂല്യം
Saturday, January 25, 2020 6:35 PM IST
ന്യൂജേഴ്‌സി: എച്ച് വണ്‍ ബി വീസയില്‍ എത്തിച്ചേര്‍ന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ന്യൂജേഴ്‌സില്‍ കോളജ് യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തണമെങ്കില്‍ സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസ് ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള നിയമ നിര്‍മാണം നടത്തി.

ഇന്ത്യന്‍ അമേരിക്കന്‍ ന്യൂജേഴ്‌സി സംസ്ഥാന സെനറ്റര്‍ വിന്‍ ഗോപാല്‍ കൊണ്ടുവന്ന പുതിയ ഭേദഗതി നിയമം സെനറ്റ് അംഗീകരിക്കുകയും ജനുവരി 21 ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഒപ്പിടുകയും ചെയ്തതോടെ നിയമമായി.

ന്യൂജേഴ്‌സിയില്‍ എച്ച് വൺ ബി വീസയില്‍ എത്തുന്നവരുടെ കുട്ടികള്‍ക്ക് ഭാരിച്ച ട്യൂഷന്‍ ഫീസ് നല്‍കേണ്ടിവരുമെന്നത് കോളജ്- യൂണിവേഴ്‌സിറ്റി പഠനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട് - വിന്‍ഗോപാല്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടാൻ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികം ഒരു തടസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഡന്‍ സ്‌റ്റേറ്റ് എന്നറിയപ്പെടുന്ന ന്യൂജേഴ്‌സി സംസ്ഥാനം പാസാക്കിയ നിയമം മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാണെന്നും വിന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു. 1979 ല്‍ മാതാപിതാക്കളോടൊപ്പം കേരളത്തില്‍ നിന്നും ന്യൂജേഴ്‌സില്‍ എത്തിയ വിന്‍ഗോപാല്‍ ബിരുദാനന്തര ബിരുദദാരിയും, ന്യൂജേഴ്‌സി 11 th ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് നിയമസഭയിലെത്തിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ