ജോ ബൈഡന്‍റെ അഴിമതികൾ തുറന്നു കാണിക്കും: റൂഡി ഗുലാനി
Friday, January 24, 2020 4:20 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ‍‍ഡമോക്രാറ്റിക് സ്ഥാനാർഥികളിൽ മുന്നിൽ നിൽക്കുന്ന മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡനെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കുമെന്ന് ട്രംപിന്‍റെ പേഴ്സണൽ അറ്റോർണി റൂഡി ഗുലാനി.

"ആദ്യം ഞാൻ മാധ്യമങ്ങളോട് പറയാൻ ശ്രമിച്ചത് ഇനി ജനങ്ങളോടു തന്നെ പറയാൻ നിർബന്ധിതനാകുന്നു' എന്നാണ് മുൻ ന്യൂയോർക്ക് മേയർ കൂടിയായ റൂഡി ഗുലാനി ഇതു സംബന്ധിച്ചു ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ബൈഡന്‍റെ ഫാമിലി എന്‍റർപ്രൈസ് പബ്ലിക് ഓഫീസുകളുടെ വിൽപനയിലൂടെ മില്യൺ കണക്കിനു ഡോളറാണ് ഉണ്ടാക്കിയത്. സെനറ്റിൽ നടന്നു വരുന്ന ട്രംപ് ഇംപീച്ച്മെന്‍റ് ട്രയലിൽ ജോ ബൈഡനെതിരായുള്ള തെളിവുകൾ തിരുത്തുമെന്നും ഗുലാനി പറയുന്നു.

2016 ൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനെതിരായ ആരോപണങ്ങൾ ആന്വേഷിക്കണമെന്ന് ട്രംപ് യുക്രെയിനോട് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് ഇംപീച്ച്മെന്‍റിൽ എത്തിച്ചേർന്നത്.ബൈഡന്‍റെ മകൻ ഹണ്ടർ ബോർഡ് അംഗമായിരുന്ന യുക്രെയ്ൻ കമ്പനിയെ കുറിച്ചു അന്വേഷണം നടത്തുന്നതിന് നിയമിതനായ വിക്ടർ ഷോക്കിനെതിരെ ബൈഡൻ നടപടി സ്വീകരിച്ചുവെന്നും ഗുലാനി പറയുന്നു. ട്രംപിനെതിരെ ആരംഭിച്ച ഇംപിച്ചുമെന്‍റ് ട്രയൽ അവസാനം ചെന്നെത്തുക ജോ ബൈഡന്‍റെ അഴിമതികളിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ