സിബി ഗോപാലകൃഷ്ണനു വെസ്റ്റ് ഇന്‍ഡീസില്‍ ജസ്റ്റിസ് ഓഫ് ദി പീസ് പദവി
Saturday, January 18, 2020 3:48 PM IST
സെയിന്റ് ലൂസിയ: ലോക കേരള സഭാംഗവും പ്രവാസി മലയാളിയുമായ സിബി ഗോപാലകൃഷ്ണന്‍ വെസ്റ്റ് ഇന്ഡീസിലെ സെയിന്റ് ലൂസിയയില്‍ 'ജസ്റ്റിസ് ഓഫ് ദി പീസ്' പദവിയിലേക്ക് നിയമിക്കപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിന്റെ ചരിത്രത്തിലും കൂടാതെ നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിക്ഷിപ്തമായ ഈ പദവിയിലെത്തിയ അപൂര്‍വം മലയാളികളിലും ഒരാളാണ് സിബി ഗോപാലകൃഷ്ണന്‍.

സെന്റ് ലൂസിയ മുന്‍ പ്രധാനമന്ത്രിയും പാര്‍ലിമെന്റ് അംഗവുമായ ഡോ: കെന്നി ആന്റണിയും, വിദ്യാഭ്യാസ മന്ത്രി ഡോ: ഗെയില്‍ റിഗോബെര്‍ട്ട് ഉമാണ് സിബി ഗോപാലകൃഷ്ണനെ ഈ സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ജനുവരി 17 നു സെന്റ് ലൂസിയ ഗവര്‍ണറുടെ ഓദ്യോഗിക വസതിയായ ഗവണ്മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ സര്‍ നെവില്‍ സ്‌നാക്കിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

കരുനാഗപ്പള്ളി സ്വദേശിയായ സിബി നിലവില്‍ ലോക കേരള സഭാംഗമാണ്. പ്രഥമ ലോക കേരള സഭയിലും , സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു. 2014 ല്‍ സെന്റ് ലൂസിയ ഗവര്‍ണര്‍ ജനറലില്‍ നിന്നും 'നാഷണല്‍ വോളന്റിയര്‍' അവാര്‍ഡും, 2015 ല്‍ വിദ്യാഭ്യാസ മേഖലയിലെ സംഭവനകള്‍ക്കു പ്രധാനമന്ത്രിയില്‍ നിന്നു അംഗീകാരവും ലഭിച്ചിട്ടുണ്ട്. കരീബിയനില്‍ നടന്ന എലിസബത്ത് രാഞ്ജിയുടെ വജ്ര ജൂബിലി ആഘോഷങ്ങളിലേക്കു പ്രതിനിധിയായും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സെന്റ് ലൂസിയയില്‍ താമസിക്കുന്ന സിബി ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനില്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. പ്രവാസി വിഷയങ്ങളെക്കുറിച്ചും ക്രിക്കറ്റിനെ സംബന്ധിച്ചും ധാരാളം ലേഖനങ്ങളും ഇതിനോടകം എഴുതിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായും മലയാളി സംഘടനകള്‍ ഉള്‍പ്പെടെ കരീബിയനിലെ മറ്റു സാമൂഹിക സേവന സംഘടനകളിലും ജീവകാരുണ്യ പ്രവര്‍ത്തങ്ങളിലും സജീവമാണ്. തിരുവനന്തപുരം സ്വദേശിനിയായ ഡോ: രജനിയാണ് ഭാര്യ. മകന്‍ ഒമാര്‍ സിബി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍