ഷിക്കാഗോ നഴ്സുമാർ നവംബർ 26 മുതൽ പണി മുടക്കിലേക്ക്
Saturday, November 16, 2019 4:51 PM IST
വുഡ്‍ലോൺ (ഷിക്കാഗോ): യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ മെഡിക്കൽ സെന്‍ററിലെ 2200 നഴ്സുമാർ നവംബർ 26 മുതൽ പണിമുടക്കുന്നു. നവംബർ 7, 11 തീയതികളിൽ നാഷണൽ‍ നഴ്സസ് ഓർഗനൈസിംഗ് കമ്മിറ്റി ഹോസ്പിറ്റൽ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ് യൂണിയൻ നേതാക്കൾ സമരത്തിന് ആഹ്വാനം ചെയ്തത്.

യൂണിയനുമായി പുതിയ കരാർ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ടു സെപ്റ്റംബർ 20 ന് നഴ്സുമാർ പണിമുടക്ക് നടത്തിയിരുന്നു. ആശുപത്രിയിൽ നഴ്സുമാരുടെ എണ്ണം കുറവാണെന്നും കൂടുതൽ രോഗികളെ ശുശ്രൂഷിക്കുന്നതിന് മാനേജ്മെന്‍റ് നിർബന്ധിക്കുകയാണെന്നും യൂണിയൻ കുറ്റപ്പെടുത്തി.

എന്നാൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കെന്നത്ത് പൊളൊൻസ്കി, യൂണിയന്‍റെ ആരോപണത്തെ അടിസ്ഥാന രഹിതമാണെന്നാണ് വിശേഷിപ്പിച്ചത്. യൂണിയനുമായി എന്തുവിട്ടുവീഴ്ചക്കും തയാറാണെന്നും അധികൃതർ പറയുന്നു.

സെപ്റ്റംബർ 20ന് യൂണിയൻ നടത്തിയ പണി മുടക്കിനെ നേരിടാൻ അധികൃതർ അഞ്ചു ദിവസത്തെ ജോലിക്കു കരാർ വ്യവസ്ഥയിൽ നാഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നു.

താങ്ക്സ് ഗിവിംഗിനു മുൻപ് സമരം ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്നും രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരം ഒഴിവാക്കണമെന്നുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ