ഗീതാമണ്ഡലം മണ്ഡല- മകരവിളക്ക് ഉത്സവ കൊടിയേറ്റം നവംബര്‍ 16ന്
Wednesday, November 13, 2019 11:43 AM IST
ഷിക്കാഗോ: ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യന്, ആതമീയതയുടെ മധുരം നുകരാന്‍ കിട്ടുന്ന ആ ഉജ്വലമായ ദിനങ്ങള്‍ ആണ് അടുത്ത 60 ദിനങ്ങള്‍. പഞ്ചശുദ്ധികളുടെ സംഗമം എന്നാണ് മണ്ഡലകാലം അറിയുന്നത്, പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി ഉദ്ദേശങ്ങളാണ് മണ്ഡലകാല വ്രതത്തിനുള്ളത്. മാത്രമല്ല, ഹൈന്ദവ സംസ്‌കാരത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വ്രതം കൂടിയാണ് മണ്ഡലകാലം. ഇനി വരുന്ന ദിനങ്ങളില്‍ ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍, അയ്യപ്പ മുദ്ര, രുദ്രാക്ഷമാലയില്‍ ധരിച്ച്, കറുപ്പുടുത്ത് വ്രതശുദ്ധിയോടെ ജീവിതത്തില്‍, ഇന്നു വരെ ചെയ്തു പോയ സകലപാപപുണ്യങ്ങളെയും ഇരുമുടികെട്ടായി ശിരസ്സിലേറ്റി, ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ച്, തങ്ങളുടെ ജീവിതത്തെ ആത്മീയമായ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുവാന്‍ പോകുന്ന പുണ്യദിനങ്ങള്‍.

ഓരോ മണ്ഡലമകരവിളക്ക് കാലവും അയ്യപ്പ ഭക്തര്‍ക്ക് നല്‍കുന്നത്, അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള ശക്തിയാണ്, അതിനാല്‍ നമ്മുടെ ഉള്ളിലെ അഹന്തയുടെ, തമോസാന്നിധ്യങ്ങള്‍ കഴുകികളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാന്‍ എല്ലാവരെയും ഗീതാമണ്ഡലം തറവാട്ടില്ലെ സ്വാഗതം ചെയ്യുന്നു എന്നു ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന്‍ പ്രസ്താവിച്ചു. വൃശ്ചികമാസം മുതല്‍ മകരവിളക്ക് വരെ എല്ലാ ശനിയാഴ്ചകളിലും, ഞായറാഴ്ചകളിലും നടക്കുന്ന അയ്യപ്പ ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ ഭക്തജനങ്ങളെയും ഈ അവസരത്തില്‍ ചിക്കാഗോ തറവാട് ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നു ഗീതാമണ്ഡലം സെക്രട്ടറി ബൈജു മേനോന്‍, ആല്മീയ അധ്യക്ഷന്‍ ആനന്ദ് പ്രഭാകര്‍, പ്രധാന പൂജാരി ബിജു കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ഷിക്കാഗോയിലെ ഹാനോവര്‍ പാര്‍ക്കില്‍ 7200 ബാറിങ്ടണ്‍ റോഡില്‍ ആണു ഗീതാ മണ്ഡലം സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8473617653 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം