ലാനയുടെ നോവൽ അവാർഡ് കുരിയൻ മ്യാലിൽ രചിച്ച "ചിത്രശലഭങ്ങൾ കുമ്പസാരിക്കുന്നു" കരസ്ഥമാക്കി
Thursday, November 7, 2019 7:22 PM IST
ഹൂസ്റ്റൺ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ നോവൽ പുരസ്കാരം കുര്യൻ മ്യാലിൽ രചിച്ച "ചിത്രശലഭങ്ങൾ കുമ്പസാരിക്കുന്നു' എന്ന കഥാ സമാഹാരത്തിനു ലഭിച്ചു. ഡാളസിൽ നവംബർ 1 മുതൽ 3 വരെ നടന്ന ലാനയുടെ കൺവൻഷനിൽ മുഖ്യാതിഥിയായിരുന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസ്‌ പുരസ്കാരം സമ്മാനിച്ചു.

ജോസ് ഓച്ചാലിൽ നേതൃത്വം കൊടുത്ത കമ്മിറ്റിയാണ് "ചിത്രശലഭങ്ങൾ കുമ്പസാരിക്കുന്നു" എന്ന നോവൽ അവാർഡിനായി തിരഞ്ഞെടുത്തത്. എന്തു പറഞ്ഞു എന്നതിനേക്കാൾ എങ്ങനെ പറഞ്ഞു എന്നതാണു ചിത്രശലഭങ്ങൾ കുമ്പസാരിക്കുന്നു എന്ന നോവലിനെ അടയാളപ്പെടുത്തുന്നതും സമ്മാനാർഹമാക്കുന്നതെന്നും വിധി കർത്താക്കൾ രേഖപ്പെടുത്തി.

1937ൽ കോട്ടയം കടത്തുരുത്തിയിൽ ജനിച്ച കുര്യൻ മ്യാലിൽ പിന്നീട് കണ്ണൂരിലേക്ക് കുടിയേറി. കോഴിക്കോട്‌ ദേവഗിരി കോളജിൽ നിന്നു ബിരുദ പഠനം പൂർത്തിയാക്കി. തുടർന്നു അഗ്രിക്കൾച്ചർ ബ്ലോക്ക് ഓഫീസറായി 27 വർഷം സേവനം ചെയ്‌തു.

1987ൽ ഷിക്കാഗോയിലെത്തി. ട്രെയിൻ ഡ്രൈവർ ആയി 14 വർഷം ജോലി ചെയ്തു. തുടർന്നു ഫ്ലോറിഡയിലെത്തി. ഇപ്പോൾ ഹൂസ്റ്റണിൽ എഴുത്തും വായനയുമായി കഴിയുന്നു. ഹൂസ്റ്റണിലെ റൈറ്റേഴ്‌സ് ഫോറത്തിലും മലയാളം സൊസൈറ്റിയിലും സജീവമായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: എ.സി. ജോർജ്