ലാന കൺവൻഷനിൽ ഭരതകലയുടെ നാടകം "പ്രണയാർദ്രം" അരങ്ങേറി
Wednesday, November 6, 2019 4:49 PM IST
ഡാളസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) ദേശീയ കൺവൻഷനോടനുബന്ധിച്ചു കേരളപ്പിറവിയുടെ ഭാഗമായി ഭരതകല തീയേറ്റേഴ്സിന്‍റെ ലഘു നാടകം "പ്രണയാർദ്രം' അരങ്ങേറി.

അമേരിക്കയിലെ സാഹിത്യ-കലാ -സാംസ്കാരിക നായകന്മാരുടെ സാന്നിധ്യത്തിലായിരുന്നു നാടകം അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ നിരീക്ഷകരായ ആസ്വാദകരുടെയും പ്രതിഭകളായ ആസ്വാദകരുടെയും സാന്നിധ്യത്തിൽ ഭരതകല തിയേറ്ററിലെ കലാകാരന്മാർ മനം കവരുന്ന രീതിയിൽ അരങ്ങു നിറഞ്ഞാടി.

അമേരിക്കയിലെ നാടക ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രമേയത്തോടുകൂടി ഒരു നാടകം വളരെ പുതുമയോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. യവ്വനത്തിന്‍റെ നാൾ വഴികളിലൊക്കെ തന്നെ ആവർത്തിച്ചു കേൾക്കുന്ന സ്നേഹത്തിന്‍റെ പ്രതീകാത്മകമായി അടിവരയിട്ടു പറയുന്ന വാലെന്റൈനെ കുറിച്ചുള്ളതാണ് കഥ.

കാലോചിതമായ മാറ്റങ്ങൾ വരുത്തിയും അഴകുള്ള സംഭാഷണത്തിലൂടെ കണ്ണും കരളും നിറക്കുന്ന രംഗങ്ങൾ കോർത്തിണക്കിയും "പ്രണയാർദ്രം"അരങ്ങിൽ ആ കഥാ സന്ദർഭം മിന്നലൊളിപോലെ വാരിവിതറി. മധുരമൂറുന്ന ആരും മൂളി പോകുന്ന ഒരു ഗാനവും ഇതിലുള്ളതിനാൽ ഉൽസുകരായ കലാസ്വാദകർക്ക് ആവേശം പകരുകയുണ്ടായി.

"പ്രണയാർദ്രം"നാടകത്തിലെ സ്നേഹസംഭാഷണങ്ങൾക്കൊണ്ട് തന്‍റെ ഉത്തുംഗ രചന സിദ്ധിയും വൈഭവവും ആസ്വാദക ഹൃദയങ്ങളിൽ എത്തിക്കുവാൻ നാടകകൃത്ത് സലിൻ ശ്രീനിവാസിനു കഴിഞ്ഞു.

സംവിധാനം ഹരിദാസ്‌ തങ്കപ്പനും സഹ സംവിധാനം അനശ്വർ മാമ്പിള്ളിയും നിർവഹിച്ചിരിക്കുന്നു. ഗാനരചന ഹരിദാസ്‌ തങ്കപ്പൻ, സംഗീതം ഷാലു ഫിലിപ്പ് ശബ്ദമിശ്രണം/പശ്ചാത്തല സംഗീതം ബിനു ആന്‍റണി കലയംകണ്ടം (ഡബ്ലിൻ), ആലാപനം ഐറിൻ കലൂർ രംഗ ക്രമീകരണം ക്രിസ് നായർ, വെളിച്ചം ജിജി പി. സ്കറിയയും നിർവഹിച്ചിരിക്കുന്നു.

ഐറിൻ കലൂർ, ഷാജു ജോൺ, ജെയ്സൺ ആലപ്പാടൻ, അനുരഞ് ജോസഫ്, ഹാരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.

റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി