വരുൺ കുമാറിന് ഡേവിഡ്സൺ ഫെല്ലൊ സ്കോളർഷിപ്പ്
Saturday, September 21, 2019 4:48 PM IST
ന്യൂജേഴ്സി: ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി ന്യൂജേഴ്സി വുഡ്ക്ലിഫ് ലേക്കിൽ നിന്നുള്ള വരുൺ കുമാർ (18) 2019 ലെ ഡേവിഡ്സൺ ഫെല്ലൊ സ്കോളർഷിപ്പിന് അർഹനായി. അമേരിക്കയിൽ നിന്ന് ഈ സ്കോളർഷിപ്പിന് തിരഞ്ഞെടുത്ത 20 വിദ്യാർഥികളിൽ ഒരാളാണ് വരുണെന്ന് ഡേവിഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.

കാൻസർ ചികിത്സ സംബന്ധിച്ച ഗവേഷണത്തിനാണ് 50,000 ഡോളർ സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്. മാരകമായ ബ്രെയ്ൻ ട്യൂമറിനെ നേരിടുന്നതിന് കോമ്പിനേഷൻ തെറാപി ഡവലപ് ചെയ്തതിനായിരുന്നു വരുണിനെ അവാർഡിന് അർഹനാക്കിയത്. വാഷിംഗ്ടൺ ഡിസിയിൽ സെപ്റ്റംബർ 27 ന് നടക്കുന്ന ചടങ്ങിൽ വരുൺ സ്കോളർഷിപ്പ് ഏറ്റുവാങ്ങും.

പതിനെട്ടോ പതിനെട്ടിനു താഴെയുള്ള വിദ്യാർഥികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. 2001 മുതൽ 300 വിദ്യാർഥികൾക്കായി 7.5 മില്യൺ ഡോളറിന്‍റെ സ്കോളർഷിപ്പാണ് ഡേവിഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുള്ളത്.

സ്കോളർഷിപ്പ് ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണെന്നും കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതിന് ഇതു ഉപകരിക്കുമെന്നും വരുൺ കുമാർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ