സാജു കണ്ണമ്പള്ളിക്ക് ഐഎപിസി മീഡിയ എക്‌സലന്‍സ് പുരസ്കാരം
Saturday, September 21, 2019 3:26 PM IST
ന്യൂയോര്‍ക്ക്: ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്‍റെ (ഐഎപിസി) ആറാം ഇന്‍റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മാധ്യമരംഗത്തെ മികവിനുള്ള മീഡിയ എക്‌സലന്‍സ് പുരസ്കാരം കെവി ടിവിയുടെ സ്ഥാപകനും അമരക്കാരനുമായ സാജു കണ്ണമ്പള്ളിക്ക്. ഓണ്‍ലൈന്‍ മാധ്യമരംഗത്ത് സ്വകാര്യ തല്‍സമയ സംപ്രേക്ഷണകാര്യത്തില്‍ ചരിത്രപരമായ മാറ്റം കൊണ്ടുവന്ന വ്യക്തായിണ് സാജു കണ്ണമ്പള്ളി.

സാങ്കേതികവിദ്യ ഇത്രയും വളര്‍ന്നിട്ടില്ലാത്ത ഒരുകാലത്ത് ,ചുരുക്കിപറഞ്ഞാല്‍ പത്തുവര്‍ഷം മുമ്പ് ലൈവ് പരിപാടികള്‍ ലോകജനതയ്ക്ക് മുമ്പിലെത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഇവിടെയാണ് ഒരു മലയാളിയുടെ വീരഗാഥയുടെ പിറവി. സാജു കണ്ണമ്പള്ളി എന്ന മലയാളി ആദ്യമായി ഈ നേട്ടം കൈവരിച്ചപ്പോള്‍ ലോകത്തെ മുഖ്യധാരാ മാധ്യമങ്ങള്‍പോലും ഈ മലയാളിയുടെ നേട്ടത്തിനുമുന്നില്‍ അമ്പരന്നുപോയെന്നതാണ് വാസ്തവം. ഷിക്കാഗോയില്‍ 15 വര്‍ഷമായി സ്ഥിരതാമസക്കാരനായ സാജു കണ്ണമ്പിള്ളി ഇന്നൊരു ചെറിയ മീനല്ല, ഷിക്കാഗോയിലെ മലയാളികള്‍ക്കും മറ്റു വന്‍ നഗരങ്ങളിലും സുപരിചിതനായ വലിയൊരു മത്സ്യമാണ്. ശ്രദ്ധേയമായൊരു മാധ്യമ സംസ്‌കാരവും സാങ്കേതികവിപ്ലവും വിജയിപ്പിച്ച മനുഷ്യനെന്ന് ചുരുക്കി വിളിക്കാം.

മലയാളത്തില്‍ മുന്‍നിര ചാനലുകള്‍ വലിയ വലിയ പരിപാടികള്‍ തത്സമയം പ്രേക്ഷകരില്‍ എത്തിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അതെന്ന് സാജു കണ്ണമ്പിള്ളി ഓര്‍ത്തെടുക്കുന്നു. ഇതിനിടയില്‍ ലോക മലയാളികള്‍ക്കായി തത്സമയ സ്വകാര്യപരിപാടികളും മറ്റും എത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍, കോട്ടയത്തുനിന്ന് സാജു കണ്ണമ്പള്ളി അത് സാധിച്ചെടുത്തു. 2010 ജനുവരി 21നായിരുന്നു ആ മാധ്യമവിപ്ലവം. തന്‍റെ ക്നാനായവോയിസ്, കേരളാ വോയിസ് എന്നീ ന്യൂസ് വെബ്സൈറ്റിലൂടെയാണ് ഷിക്കാഗോയില്‍ നടന്ന ഒരു പരിപാടി ലോക മലയാളികള്‍ക്കായി ഇന്‍റര്‍നെറ്റിലൂടെ കണ്‍മുന്നിലെത്തിച്ചത്. ഫേസ്ബുക്കോ, യൂ ട്യൂബോ ഒന്നും തത്സമയ സംപ്രേഷണസൗകര്യം ഒരുക്കാത്ത കാലമായിരുന്നുവെന്നും പ്രത്യേകം ഓര്‍ത്തെടുക്കണം. അന്നത്തെ കാലത്ത് അമേരിക്കയില്‍ മാത്രമായിരുന്നു ഇത്തരത്തിലുള്ള സ്വകാര്യ തത്സമയ സംപ്രേക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. സാജു കണ്ണമ്പള്ളിയുടെ വളര്‍ച്ച ഇവിടെ നിന്നാരംഭിച്ചുവെന്നുവേണം പറയാന്‍. ഇന്ന് ലോകമെങ്ങുമുള്ള വന്‍ നഗരങ്ങളിലെല്ലാം തത്സമയ സംപ്രേഷണം നടത്തുന്ന മലയാളിയായി സാജുകണ്ണമ്പള്ളി മാറികഴിഞ്ഞു.

അന്നത്തെ കേരളവോയിസ് ടിവി, കെവി ടിവി എന്ന ചുരുക്കപ്പേരില്‍ ഇന്ന് ലോകം മുഴുവനും അറിയപ്പെട്ടുകഴിഞ്ഞു. സാജു കണ്ണമ്പള്ളി എന്നാല്‍ കെവി ടിവി ആയി അറിയപ്പെട്ടുവെന്നര്‍ഥം. അല്ലെങ്കില്‍ ഷിക്കാഗോയും കോട്ടയവും കേന്ദ്രമാക്കി ആരംഭിച്ച കെവി ടിവി എന്ന ലൈവ് സ്ട്രീമിംഗ് ചാനല്‍ ലോകരാജ്യങ്ങള്‍ക്ക് മുമ്പിലെത്തില്ലല്ലോ. ഇന്ന്, ദുബായ്, കുവൈത്ത്, ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബെര്‍മിംഗ്ഹാം, ലിവര്‍പൂള്‍, സ്‌കോട് ലന്‍ഡ്, മെല്‍ബണ്‍, ബ്രിസ്ബേന്‍, സിഡ്നി, ഇറ്റലി, ന്യൂസിലന്‍ഡ്, കാനഡ എന്നുവേണ്ട അമേരിക്കയിലെ മുഴുവന്‍ സിറ്റികളിലും ലൈവ് പരിപാടികളുമായി നിറഞ്ഞുനില്‍ക്കുകയാണ് കെവി ടിവി. കൂടാതെ കേരളത്തിലെവിടെനിന്നും, ബംഗളൂരു,ബോംബെ,ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമെല്ലാം 4000ല്‍ അധികം തത്സമയ സംപ്രേക്ഷണങ്ങള്‍ ചെയ്തുകഴിഞ്ഞു.

ഇതൊരു വലിയ അഭിമാനനേട്ടമാണ്. മലയാളികളുടെ ഇടയില്‍ അനുകരണീയമായ ഈ പദ്ധതി സോഷ്യല്‍ മീഡിയയുടെ വരവോടുകൂടി വീണ്ടും കരുത്താര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. 3 ജിയും ഫോര്‍ജിയുംമെല്ലാം വന്നപ്പോള്‍ സംപ്രേഷണം വളരെ എളുപ്പത്തിലുമാക്കി. 4 ജി സൗകര്യങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പുള്ള തത്സമയസംപ്രേക്ഷണങ്ങള്‍ വളെരെ ബുദ്ധിമുട്ടായിരുന്നുവെന്ന് സാജു തന്നെ പറയുന്നു. കെവി ടിവി പരിപാടിയിലൂടെ ലോകമലയാളികള്‍ ഇന്ന് കാണാത്ത പരിപാടികളില്ല.

വിവിധ സമ്മേളനങ്ങള്‍, കണ്‍വന്‍ഷനുകള്‍, മലയാളികളുടെ ഓണപരിപാടികള്‍, വിവാഹ ആഘോഷങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട് , തുടങ്ങി അനവധി നിരവധി പരിപാടികള്‍ കണ്ടു കഴിഞ്ഞു. തത്സമയ സംപ്രേക്ഷണങ്ങള്‍ ലോകത്തെവിടെ നിന്നും തത്സമയം ചെയ്യുവാനുള്ള നെറ്റ് ര്‍ക്ക് സംവിധാനം ഇന്ന് സാജു കണ്ണമ്പള്ളി എന്ന മലയാളിയുടെ നേതൃത്വത്തിലുള്ള കെവി ടിവിക്ക് ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇതുതന്നെയാണ് മാധ്യമലോകത്ത് സാജു കണ്ണമ്പള്ളിയെ വ്യത്യസ്ഥാനാക്കുന്നതും.

മാധ്യമരംഗത്തിന്‍റെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്നതിലും മറ്റാരേക്കാളും ജാഗ്രതപുലര്‍ത്തുന്നവനുമാണ് നിയമ ബിരുദധാരികൂടിയായ സാജു കണ്ണമ്പള്ളി. സാജുവിന്‍റെയും കെവി ടിവിയുടെയും നേട്ടം മലയാളക്കരയ്ക്കുമാത്രമല്ല ലോകമെങ്ങുമുള്ള മലയാളികള്‍ക്കുകൂടി അഭിമാനമായി നിലകൊള്ളുകയാണ്.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ട്രീയില്‍ നടക്കുന്ന ഐഎപിസിയുടെ ഇന്‍റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സില്‍ വച്ച് പുരസ്കാരം വിതരണം ചെയ്യും.