ലഹരിമരുന്നു കലർന്ന മിഠായി കഴിച്ചു; 9 വിദ്യാർഥികൾ ആശുപത്രിയിൽ
Tuesday, September 10, 2019 8:49 PM IST
കൂപ്പർസിറ്റി (ഫ്ളോറിഡ): കൂപ്പർസിറ്റി റിനൈസെൻസ് ചാർട്ടർ സ്കൂളിലെ ഒന്പത് വിദ്യാർഥികളെ ലഹരിമരുന്നു കലർന്ന മിഠായി കഴിച്ചതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ടിഎച്ച്സി കലർന്ന മിഠായി കുട്ടികൾ വാങ്ങി പങ്കിടുകയായിരുന്നു. കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്കൂൾ അധികൃതർ എമർജൻസി വിഭാഗത്തെ അറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

വിദ്യാർഥികൾ പത്തിനും 12നും ഇടയിൽ പ്രായമുള്ളവരാണ്.സാധാരണ കാൻഡി പാക്ക് ചെയ്തു വരുന്നതുപോലെ തന്നെയായിരുന്നു വിദ്യാർഥികൾ കഴിച്ച മിഠായി എന്ന് ബ്രൊവാർഡ് കൗണ്ടി ഷെറിഫ് മൈക്കിൾ കെയ്ൻ പറഞ്ഞു. ആശങ്കയ്ക്കു വകയില്ലെന്നും ഉടൻ തന്നെ കുട്ടികള്‍ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് ആൺകുട്ടികളെയും രണ്ടു പെൺകുട്ടികളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടികൾക്ക് ഇത്തരം മിഠായി എവിടെ നിന്നു ലഭിച്ചു എന്ന് അന്വേഷിച്ചുവരുന്നു. സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ