കുമ്മനം രാജശേഖരന്‍റെ അമേരിക്കൻ സന്ദർശനം ഓഗസ്റ്റ് 22 മുതൽ
Saturday, August 17, 2019 8:45 PM IST
ലോസ് ആഞ്ചലസ്: മിസോറം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടുവരെ ന്യൂജേഴ്‌സിയിൽ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ദ്വൈവാർഷിക ഗ്ലോബൽ കൺവൻഷനിൽ പങ്കെടുക്കാനെത്തുന്ന അദ്ദേഹം ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഒമ്പതുവരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും.

22 നു വാഷിംഗ്ടൺ ഡിസിയിലെത്തുന്ന അദ്ദേഹം ഹൂസ്റ്റൺ, ഡാളസ്, ഫ്ലോറിഡ, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, ഫിലഡൽഫിയ, ലോസ് ആഞ്ചസ്, സാൻ ഡിയാഗോ, സാൻ ഫ്രാസിസ്കോ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ അദ്ദേഹം അമേരിക്കയിലെ വിവിധ വിദ്യാഭ്യാ - ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും സന്ദർശിക്കും.

സെപ്റ്റംബർ അഞ്ചിന് ലോസ് ആഞ്ചലസിലെത്തുന്ന അദ്ദേഹം ആറിന് സാൻ ഡിയാഗോ യിലെത്തും. അവിടെ ജനിതക രോഗ ഗവേഷണ കേന്ദ്രത്തിലെ അർബുദ വിഭാഗം സന്ദർശിച്ചു ഈ രംഗത്തെ ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചു മനസിലാക്കും. കേരള കൾച്ചറൽ ആൻഡ് ലിറ്റററി ക്ലബിന്‍റ ലോഗോ പ്രകാശനത്തിനുശേഷം മലയാളം ക്ലാസിലെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പിന്നീടദ്ദേഹം സാന്‍റിയാഗോയിലുള്ള മലയാളി സമൂഹവുമായി സംവദിക്കും. സെപ്റ്റംബർ എഴിന് കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ട്രാഫിക് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ വിഭാഗം സന്ദർശിച്ച ശേഷം ലോസ് ആഞ്ചലസിലെ മലയാളി അസോസിയയേഷനായ 'കല' യുടെ ഓണാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം ഇർവയിനിൽ പ്രവാസി ഭാരതീയരുടെ കുടുംബസംഗമത്തിലും പങ്കെടുക്കും.

ബിജെപി എൻആർഐ സെൽ സംസ്ഥാനസമിതി അംഗം രാജേഷ്‌ നായരാണ് അമേരിക്കയിലെ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. രവി വെള്ളത്തേരിയാണ് ലോസ് ആഞ്ചലസിലെ പരിപാടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.

വിവരങ്ങൾക്ക് രാജേഷ് നായർ 408 203 1087, രവി വെള്ളത്തേരി 949 419 7115, പ്രസാദ് 310 897 9182, ശ്യാം 716 986 3003.

റിപ്പോർട്ട്: സാൻഡി പ്രസാദ്