ഒരു വയസുള്ള മകള്‍ കൊല്ലപ്പെട്ട കേസില്‍ മാതാവിന് 12 വര്‍ഷം തടവ്
Saturday, July 20, 2019 2:42 PM IST
ന്യൂയോര്‍ക്ക്: ക്രൂരമര്‍ദനമേറ്റ് ഒരു വയസുള്ള ഇരട്ടകുട്ടികളില്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയും, ആണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ മാതാവിനെ 12 വര്‍ഷം തടവ് ശിക്ഷയ്ക്ക് ക്യൂന്‍സ് വിധിച്ചു.

അഞ്ചു കുട്ടികളുടെ മാതാവായ ടിനാ റ്റൊറാബി (31)യും ഭര്‍ത്താവ് മുഹമ്മദ് റ്റൊറാബിയും മയക്കുമരുന്നിന് അടിമകളായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ടിനാ പൊലീസില്‍ വിളിച്ച് മകള്‍ക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. തലയിലും ശരീരത്തിലും നിരവധി മുറിവുകളേറ്റിരുന്ന ഇരട്ടകുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പെണ്‍കുട്ടി മരിച്ചു. കുട്ടി ആശുപത്രിയില്‍ എത്തിന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ദചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് ആണ്‍കുഞ്ഞ് രക്ഷപ്പെട്ടു.

അപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ച പൊലീസ് ഇവരുടെ അഞ്ചു കുട്ടികളും വളരെ മലിനമായ ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നതെന്നും കണ്ടെത്തിയിരുന്നു. ടിനയുടെ ഭര്‍ത്താവ് മുഹമ്മദാണ് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കോടതിയില്‍ ടിന മൊഴി നല്‍കി. സംഭവം നടന്നതിനു ശേഷം ഭര്‍ത്താവ് മുഹമ്മദ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഇതോടെ ടിന, ഭര്‍ത്താവാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് കോടതിയില്‍ ആവര്‍ത്തിച്ചു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക മാത്രമല്ല ഇത്തരം ക്രൂരതകളില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി മാതാവിനുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പശ്ചാത്തപിക്കുന്നതായും മാപ്പു നല്‍കണമെന്നും ടിനയുടെ അപേക്ഷ കോടതി തള്ളി. മയക്കുമരുന്നിന്റെ സ്വാധീനമാണ് ഇതിനെല്ലാം കാരണമെന്നും കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍