ഷെറിന്റെ അഴുകിയ ശരീരം പ്രദര്‍ശിപ്പിച്ചത് മാന്യമായ വിചാരണ നടത്തുന്നതിന് തടസമായതായി അഭിഭാഷകന്‍
Saturday, July 20, 2019 2:42 PM IST
ഡാളസ് : ഷെറിന്‍ മാത്യു കേസ് വിചാരണക്കിടയില്‍, രണ്ടാഴ്ച പഴക്കമുള്ള ഷെറിന്റെ അഴുകിയശരീരം വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് വെസ്‌ലി മാത്യുവിനു മാന്യമായ വിചാരണ ലഭിക്കുന്നതിന് തടസമായതായി ഡിഫന്‍സ് അറ്റോര്‍ണി ബ്രൂക്ക് ബസ്ബി മാധ്യമങ്ങളോട് പറഞ്ഞു. കേസ് പുനര്‍വിചാരണ ചെയ്യുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അറ്റോര്‍ണി വെളിപ്പെടുത്തി.

പന്ത്രണ്ടാം ജൂറി ജൂണ്‍ 26 നു വെസ്‌ലി മാത്യുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ശിക്ഷ സ്വീകരിക്കുന്നതായി വെസ്‌ലി കോടതിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ നിന്നും പുറത്തിറങ്ങിയ അറ്റോര്‍ണി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സൂചന നല്‍കിയിരുന്നു.

പുനര്‍വിചാരണ ചെയ്യണമെന്നാവശ്യപ്പെടുന്നതിന് രണ്ടു കാരണങ്ങളാണ് അറ്റോര്‍ണി ചൂണ്ടി കാട്ടുന്നത്. ഷെറിന്റെ അഴുകിയ മൃതശരീരവും പോസ്റ്റ്‌മോര്‍ട്ടം സ്യൂട്ടില്‍ കിടത്തിയിരുന്ന ശരീരവും കാണിച്ചത് പന്ത്രണ്ട് ജൂറിമാരില്‍ രണ്ടു പേരെയെങ്കിലും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഷെറില്‍ മരിക്കുന്നതിനു മുമ്പ് ശരീരത്തിലെ അസ്ഥികള്‍ക്കുണ്ടായ പൊട്ടല്‍ ജൂറിമാരെ കാണിച്ചു. എന്നാല്‍ അതു വെസ്!ലി മാത്യുവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ഹാജരാക്കിയിരുന്നില്ലെന്നും അറ്റോര്‍ണി പറയുന്നു. വെസ്‌ലി മാത്യുവിന്റെ ഡിഫന്‍സ് അറ്റോര്‍ണിമാരില്‍ പുതിയതായി മൈക്കിള്‍ കാസിലിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2017 ഒക്ടോബര്‍ ഏഴിനു ഷെറിനെ നിര്‍ബന്ധിച്ചു പാല്‍ നല്‍കുമ്പോള്‍ തൊണ്ടയില്‍ ഉടക്കി മരിച്ചുവെന്നും ശരീരം പ്ലാസ്റ്റിക് കവറിലാക്കി വീടിനു സമീപമുള്ള കലുങ്കില്‍ ഉപോക്ഷിച്ചതായും വെസ്‌ലി മൊഴി നല്‍കിയിരുന്നു. ഇത്തരം കേസുകളില്‍ പുനര്‍വിചാരണ എളുപ്പമല്ലെങ്കിലും ഇതിന് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍