കാതോലിക്കാ ദിന വിഹിതം കാതോലിക്കാ ബാവ ഏറ്റുവാങ്ങി
Wednesday, July 17, 2019 8:46 PM IST
ലിൻഡൻ (ന്യൂജേഴ്സി): കാതോലിക്കാ ദിന ധന സമാഹരണം വഴി സഭയുടെ അടിമുടിയുള്ള അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. ലിൻഡൻ സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ നിന്നുള്ള വിഹിതം ഏറ്റുവാങ്ങുന്നതിനു മുന്നോടിയായി അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പരി. കാതോലിക്ക ബാവ.

സഭയ്ക്ക് ഒരു സിസ്റ്റം ഉണ്ട്. അത് വളരെ സുതാര്യമാണ്. സഭയുടെ ഭൗതികമായ വളർച്ചയ്ക്കും അനുഷ്ഠാനങ്ങളുടെ ക്രമീകരണങ്ങൾക്കും ജനോപകാര പ്രവർത്തനങ്ങൾക്കും ഒക്കെയായി കാതോലിക്കാ ദിന സംഭാവനകളെ ചാനൽ ചെയ്യാറുണ്ട്.

കാതോലിക്ക സ്ഥാപനത്തിന്‍റെ വികാസ പ്രക്രിയയിൽ ഈ ധനസമാഹരണത്തിന് ഏറെ സ്ഥാനമുണ്ട്. 1912-ൽ കാതോലിക്കേറ്റ് സ്ഥാപിച്ചതിനുശേഷം പല നാളുകളായി പലതരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അവക്കൊക്കെയും അന്ത്യം കുറിച്ചു കൊണ്ടു രണ്ടു മാസങ്ങൾക്ക് മുൻപ് ഭാരതത്തിന്‍റെ അത്യുന്നത നീതിപീഠം വിധിന്യായം പുറപ്പെടുവിച്ചത്. ഒരു മാസം മുൻപ് ഹൈക്കോടതിയിലെ ഒരു ജസ്റ്റീസുമായി ഒരു സംഭാഷണത്തിനിടെ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞത് ഇപ്പോഴത്തെ തർക്കം സുപ്രീംകോടതിയും വിഘടിത വിഭാഗവും തമ്മിലാണ് എന്നാണ്. മലങ്കര സഭ ഇന്ന് സ്വതന്ത്രയാണ്. ആരുടെയും കീഴിലല്ല. നമ്മുടെ പൂർവ്വ പിതാക്കന്മാരുടെ പ്രാർഥനയും ഉപവാസവും നേരിന്‍റെ വഴിയിലൂടെയുള്ള സഞ്ചാരവും ഒക്കെ നമ്മുടെ അനുഗ്രഹ സ്രോതസുകളാണ്. ഗ്രാമ്യ ഭാഷയിൽ ഒരു ചൊല്ലുണ്ട്, നേര് നിരങ്ങിയേ വരികയുള്ളൂ എന്ന്. അതിപ്പോൾ വന്നു കഴിഞ്ഞു.

കാതോലിക്കാ ദിന വിഹിതം കൊടുക്കുന്പോൾ തുകകളേക്കാൾ പങ്കാളിത്തത്തിനാണ് പ്രാമുഖ്യം. പുരാതന കാലത്ത് യഹൂദന്മാർ 20 ശേക്കെൽ കൊടുത്തിരുന്നു. നമ്മുടെ സഭ അല്ലാതെ മറ്റേത് സഭയാണ് കാതോലിക്ക ദിന ധനസമാഹരണവും അതിന്‍റെ കണക്കുകളും ഇത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു ജനങ്ങളുമായി പങ്കിടുന്നതെന്ന് ആലോചിച്ചു നോക്കുക. ബജറ്റിൽ വക കൊള്ളിക്കാതെയോ ജനങ്ങൾ അറിയാതെയോ ഒന്നും ചെയ്യുന്നില്ല. ചിലർ ആ രീതിയിൽ കുപ്രചാരണം നടത്തുന്നത് സങ്കടകരമാണ്. ഈ ഭദ്രാസനവും ലോകമെന്പാടുമുള്ള സഭാമക്കളും വിശ്വാസപൂർവ്വം പ്രാർത്ഥനയോടെ കാര്യങ്ങളെ നോക്കിക്കാണുകയും സഹകരിക്കുകയും ചെയ്യുന്നു. അമേരിക്കൻ ഭദ്രാസനങ്ങളിലെ സഭാ ജനങ്ങളോട് കടപ്പാടുണ്ട്. മഹാപ്രളയകാലത്ത് നിങ്ങളുടെ ഹൃദയവായ്വുകൾ കണ്ടതാണ്. സത്യവും നീതിയും പുലർത്തി തന്നെ മുൻപോട്ടു പോകും. അതുകൊണ്ടു തന്നെയാണ് ഭാരതത്തിന്‍റെ പരമോന്നത നീതിപീഠം എല്ലാ വസ്തുതകളും കണക്കിലെടുത്തു വിധിന്യായത്തിൽ എല്ലാ പഴുതുകളും അടച്ചു വിധി പറഞ്ഞത്. ഇതുപോലൊരു നീതി ലഭിച്ചതിൽ നാം നമ്മുടെ പ്രതിപക്ഷ പാർട്ടികളോട്- യാക്കോബായ സഭ- നന്ദി പറയേണ്ടതുണ്ട്. അവർ പറഞ്ഞതിന്‍റെ പ്രതിഫലനമായിട്ടാണ് നമുക്ക് ഈ വിധി ലഭിച്ചത്. നോർത്ത് ഈസ്റ്റ് ഭദ്രാസനം ഇതുവരെ നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് പരി. ബാവ ഉപസംഹരിച്ചത്.

സഭയുടെ ഫിനാൻഷ്യൽ കമ്മിറ്റി പ്രസിഡന്‍റ് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ, കാതോലിക്കാ ദിനാചരണവും സമാഹരണവും ഒക്കെ സഭാ മക്കളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്‍റെയും നിദാനമാണെന്ന് സൂചിപ്പിച്ചു. ഭദ്രാസന ജനങ്ങളും വൈദികരും സഭ പിതാവിനോട് ചേർന്നിരിക്കുന്നത് വലിയ സന്ദേശമാണ് നൽകുന്നത്.
വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ കോടതി വ്യവഹാരങ്ങൾക്കിടയിലും സഭ സാമൂഹിക പ്രതിബദ്ധതയ്ക്കു കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നുണ്ടെന്നു പറഞ്ഞു. ഈ ഭദ്രാസനത്തിൽ നിന്ന് ഇത്തവണ ടാർജറ്റ് തികയുന്നു എന്ന് കാണുന്നതിൽ സന്തോഷമുണ്ട്. കാതോലിക്കാ ദിന അക്കൗണ്ടിലേക്ക് ഇടവകകളിൽ നിന്ന് വരുന്ന വിഹിതം വഴിമാറ്റി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുവാൻ ഇടയാകരുത്. മഹാപ്രളയത്തിന്‍റെ കാലത്ത് മൊത്തം 14 കോടി രൂപ ലഭിച്ചു.

അഞ്ചുകോടിയും ഇന്ത്യക്ക് പുറത്തു നിന്ന് ആയിരുന്നു. അതിൽ തന്നെ നാലുകോടിയോളം അമേരിക്കൻ ഭദ്രാസനങ്ങളിൽ നിന്നായിരുന്നു. ഭദ്രാസനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നും ലഭിച്ച അപേക്ഷകൾ സസൂക്ഷ്മം പരിശോധിച്ച് ഭദ്രാസന മെത്രാപ്പോലീത്ത മാരുമായും വൈദികരുമായും ഒക്കെ ചർച്ച ചെയ്തതിനുശേഷം ഏറ്റവും യോഗ്യരായവർക്ക് നേരിട്ട് വിതരണം ചെയ്യുകയായിരുന്നു.

തുടർന്ന് ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും വന്ന വൈദികരും പ്രതിനിധികളും പരി. ബാവയുടെ അടുത്തെത്തി ഇടവക വിഹിതങ്ങൾ കൈമാറി. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയൽ സ്വാഗതം ആശംസിച്ച് യോഗ പരിപാടികൾ നിയന്ത്രിച്ചു. ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത നന്ദി പ്രകാശനം നിർവഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരിൽ, ജോർജ് തുന്പയിൽ, ജോസഫ് എബ്രഹാം, കൗണ്‍സിൽ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഡോ. ഫിലിപ്പ് ജോർജ്, സജി എം. പോത്തൻ, സാജൻ മാത്യു, സന്തോഷ് മത്തായി, പരി. കാതോലിക്ക ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്‍സണ്‍ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

സെന്‍റ് മേരീസ് ഇടവക വികാരി ഫാ. സണ്ണി ജോസഫിന്‍റെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ സമ്മേളന നടത്തിപ്പിനായി മികച്ച ക്രമീകരണങ്ങളാണ് നടത്തിയിരുന്നത്.