നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് നാളെ തുടക്കം
Tuesday, July 16, 2019 8:35 PM IST
വാഷിംഗ്ടൺ ഡിസി : പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് നാളെ തുടക്കം കുറിക്കും.

ബുധൻ 6.30ന് കലഹാരി റിസോർട്ടിന്‍റെ ലോബിയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. ഏറ്റവും മുൻപിലായി ഫാമിലി കോൺഫറൻസ് ബാനർ, തുടർന്നു അമേരിക്കൻ പതാക, ഇന്ത്യൻ പതാക, കാതോലിക്കേറ്റ് പതാക അതിനെ തുടർന്ന് ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഫാമിലി കോൺഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അണിനിരക്കും. ശിങ്കാരി മേളം, ഗാനം ആലപിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനം അതിനു പിന്നിലായി ലോംഗ്ഐലന്റ്, ക്വീൻസ്, ബ്യൂക്‌ലിൻ ഏരിയായുടെ ബാനർ, പിന്നിലായി കാതോലിക്കേറ്റ് പതാകകൾ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓർഡിനേറ്റർമാർക്ക് പിന്നിൽ കുട്ടികളും പുരുഷന്മാരും , സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം.

റോക്ക്‌ലാൻഡ്, അപ്സ്റ്റേറ്റ്, ബോസ്റ്റൺ, കാനഡ ഏരിയായുടെ ബാനറിനു പിന്നിൽ കാതോലിക്കേറ്റ് പതാകകൾ വഹിച്ചുകൊണ്ടു ഏരിയ കോ ഓർഡിനേറ്റർമാരും തുടർന്നു കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം.

മൂന്നാമതായി ഫിലഡൽഫിയ, മേരിലാന്റ്, വിർജീനിയ, വാഷിംഗ്ടൺ, നോർത്ത് കരോലീനാ ബാനറിനു പിന്നിൽ കാതോലിക്കേറ്റ് പതാകകൾ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓർഡിനേറ്റർമാരും തുടർന്ന് രണ്ടു വരിയായി കുട്ടികളും, സ്ത്രീകളും നില്ക്കണം.

നാലാമതായി ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റർ ബാനറിന് പിന്നിൽ ഏരിയാ കോ ഓർഡിനേറ്റർമാർ കാതോലിക്കേറ്റ് പതാകകൾ വഹിച്ചുകൊണ്ട് നീങ്ങുക. തുടർന്ന് രണ്ടു വരിയായി കുട്ടികളും സ്ത്രീകളും പുരുഷന്മാരും അണി നിരക്കണം. തൊട്ടുപിന്നിൽ ന്യൂജേഴ്സി, സാറ്റൺ ഐലന്റ് ബാനറിനു പിന്നിൽ കാതോലിക്കേറ്റ് പതാക വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓർഡിനേറ്റേഴ്സും കുട്ടികളും പുരുഷന്മാരും സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം.

തുടർന്ന് അംശവടി വഹിച്ചുകൊണ്ടുള്ള പുരോഹിതൻ, റവ. ഡീക്കൻസ്, പുരോഹിതർ, കോറെപ്പിസ്കോപ്പാമാർ, ഭദ്രാസന അദ്ധ്യക്ഷനോടൊപ്പം വിശിഷ്ട വ്യക്തികൾ എന്നീ ക്രമത്തിലാണ് ഘോഷയാത്ര നീങ്ങുന്നത്.

കോൺഫറൻസിൽ ക്ലാസുകൾ നയിക്കുന്നതും സെമിനാറുകൾക്ക് നേതൃത്വം നൽകുന്നതും അതാത് രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരാണെന്ന് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കോൺഫറൻസ് വൻ വിജയമാക്കുവാൻ കമ്മിറ്റികൾ പരിശ്രമിക്കുന്നു. ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരകൾക്ക് നേതൃത്വം നൽകുന്നത് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ലക്ച്ചറർ ഫാ. ഏബ്രഹാം തോമസാണ്. ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത് ഡോ. ജോൺ ഈ പാർക്കർ ആണ്. സൺഡേസ്കൂൾ ക്ലാസുകൾ ഫാ. കുര്യാക്കോസ് ഏബ്രഹാം നയിക്കും. എംജിഒസിഎസ്എം ക്ലാസുകൾ എടുക്കുന്നത് ഫാ. തോമസ് (ഷോൺ) തോമസാണ്. ഫാ. ഡോ. ജോൺസൺ സി. ജോൺ മുതിർന്നവർക്കുള്ള പാഠ്യപദ്ധതിക്ക് നേതൃത്വം നൽകും. എംജിഒസിഎസ്എം, ഫോക്കസ്, സൺഡേസ്കൂൾ പാഠ്യപദ്ധതികൾ നയിക്കുന്നത് ഫാ. ഗീവർഗീസ് ജോൺ, ഫാ. ഏബ്രഹാം ജോർജ്, ഡീക്കൻ ഗീവർഗീസ് വർഗീസ് എന്നിവരാണെന്ന് ജനറൽ സെക്രട്ടറി ജോബി ജോൺ അറിയിച്ചു.

വിവരങ്ങൾക്ക് :കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് : 718 608 5383ജനറൽ സെക്രട്ടറി ജോബി ജോൺ : 201 321 0045ട്രഷറാർ മാത്യൂ വർഗീസ് : 631 891 8184.

റിപ്പോർട്ട്:യോഹന്നാൻ രാജൻ