ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസുമായി അഭിമുഖം "വാൽക്കണ്ണാടിയിൽ'
Saturday, May 25, 2019 5:27 PM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനും മലയാളിയുമായ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസുമായുള്ള അഭിമുഖം "വാൽക്കണ്ണാടിയി'ലൂടെ ഗ്ലോബൽ റിപ്പോർട്ടർ ടിവി സംപ്രേക്ഷണം ചെയ്യുന്നു.

കലാവേദി യുഎസ്എ തയാറാക്കുന്ന സംഭാഷണ പരമ്പരയുടെ ആദ്യ എപ്പിസോഡ് മേയ് 27 (തിങ്കൾ) വൈകുന്നേരം 7 മുതൽ 7.30 (ന്യൂ യോർക്ക് സമയം) വരെയാണ് സംപ്രേക്ഷണം. എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴിന് വാൽക്കണ്ണാടി അഭിമുഖം റിപ്പോർട്ടർ ടിവി യിൽ കാണാവുന്നതാണ്. ഗ്ലോബൽ റിപ്പോർട്ടർ എന്ന പ്രേത്യക പരിപാടിയുടെ ഭാഗമായാണ് വാൽക്കണ്ണാടി പ്രക്ഷേപണം ചെയ്യുന്നത്.

പത്തനംതിട്ട ജില്ലയിൽ തായ്‌വേരുകൾ ഉള്ള, ഗൾഫ് മലയാളിയുടെ പ്രവാസ പരമ്പരയിലൂടെ കടന്നു വന്ന അമേരിക്കൻ അഭിഭാഷകൻ, ഇരുപത്തിനാലു വർഷം കൈയടക്കി വാണിരുന്ന മുൻ റിപ്പബ്ലിക്കൻ സെനറ്ററെ തറപറ്റിച്ചു ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കൊടി ആറാം ഡിസ്ട്രിക്ടിൽ നാട്ടിയ കെവിൻ തോമസ് നൂറു ദിവസങ്ങൾ കൊണ്ട് നിരവധി ബില്ലുകൾ സെനറ്റിൽ അവതരിപ്പിക്കുകയും അവയിലേറെ നടപ്പാക്കുകയും ചെയ്തു. നിരന്തരം കേരളം സന്ദർശിക്കുന്ന കെവിൻ, മമ്മൂട്ടിയാണ് തന്‍റെ പ്രിയ താരം എന്ന് പറയുന്നു. പൈതൃകത്തെ അഭിമാനത്തോടെ കാണുന്ന കെവിൻ തോമസിനെ വാൽക്കണ്ണാടിയിലൂടെയാണ് പരിചയപ്പെടുത്താൻ അവസരമൊരുക്കുന്നത് മുതിർന്ന മാധ്യമ പ്രവർത്തകൻ കോരസൺ വർഗീസ് നയിക്കുന്ന ചർച്ചകളിൽ വിവിധ മേഖലകളിലുള്ള പ്രമുഖർ പങ്കെടുക്കും. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസുമായുള്ള അഭിമുഖമാണ് ആദ്യ എപ്പിസോഡിൽ.

ന്യൂ യോർക്കിലെ കലാവേദി സ്റ്റുഡിയോയിൽ നിർമിക്കുന്ന പരിപാടിയുടെ അവതാരകയാകുന്നത് ബിന്ദു ഡേവിഡ് ആണ്. ക്രിസ് തോപ്പിൽ, സജി മാത്യു, ഹരി നമ്പൂതിരി, ആന്‍റണി ജോസഫ്, മാത്യു മാമ്മൻ, മാമ്മൻ എബ്രഹാം തുടങ്ങിയവർ നിർമാണവും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സിബി ഡേവിഡുമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ