സേവി മാത്യു പെംബ്രോക്ക് പൈന്‍സ് സിറ്റി ഡൈവേഴ്‌സിറ്റി & ഹെറിറ്റേജ് കമ്മിറ്റി ചെയര്‍മാന്‍
Monday, May 20, 2019 7:54 PM IST
ഫ്ലോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ വികസിത നഗരമായ പെംബ്രോക്ക് പൈന്‍സ് സിറ്റിയുടെ ഡൈവേഴ്‌സിറ്റി & ഹെറിറ്റേജ് കമ്മിറ്റി ചെയര്‍മാനായി സേവി മാത്യുവിനെ സിറ്റി കമ്മീഷന്‍ ഏകകണ്ഠമായി വീണ്ടും തെരഞ്ഞെടുത്തു. 2011 ലെ ഡൈവേഴ്‌സിറ്റി & ഹെറിറ്റേജ് കമ്മിറ്റിയുടെ പ്രഥമ ചെയര്‍മാനായിരുന്നു സേവി മാത്യു.

ഏകദേശം 60 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വസിക്കുന്ന സിറ്റിയിൽ അവരുടെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ കോര്‍ത്തിണക്കി നഗരത്തില്‍ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും സൗഹാര്‍ദ്ദപരമായ മുന്നേറ്റം നടത്തുമെന്നും സേവി മാത്യു പറഞ്ഞു. സിറ്റി കമ്മീഷന്‍ തീരുമാനപ്രകാരം വിവിധ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തി കമ്മറ്റി വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ ഹാളില്‍ നടന്ന യോഗത്തിൽ മലയാളി സമൂഹത്തിനെ പ്രതിനിധീകരിച്ചു കേരള സമാജം സെക്രട്ടറി ജോര്‍ജ് മാലിയില്‍, സാജന്‍ കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കേരള സമാജം നിയുക്ത പ്രസിഡന്‍റ് ജോജി ജോണ്‍, മുന്‍ പ്രസിഡന്‍റുമാരായ കുഞ്ഞമ്മ കോശി,മാത്തുക്കുട്ടി തുമ്പമണ്‍, സജി സക്കറിയാസ്, നവകേരള ട്രഷറര്‍ സജോ പെല്ലിശേരി, മത്തായി വെമ്പാല ,അക്കാമ്മ സക്കറിയാസ്, ജോര്‍ജ് ജോസഫ് ,തോമസ് ജോര്‍ജ് എബ്രഹാം മാസ്റ്റര്‍, ഡൊമിനി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡൈവേഴ്‌സിറ്റി & ഹെറിറ്റേജ് കമ്മിറ്റി വൈസ് ചെയര്‍ കരോള്‍ മൈല്‍സ് , ഫ്ളോറിഡ ഏഷ്യന്‍ സര്‍വീസസ് പ്രസിഡന്‍റ് വിന്നി ടാങ് ,നൈജീരിയന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും അനബെല്‍ ബ്രുസ്റ്റര്‍, നോറ റോസാഡോ സെഞ്ച്വറി വില്ലേജ് , റൊണാള്‍ഡ് സുറിന്‍ ഹെയ്തിയന്‍ അമേരിക്കന്‍ കോക്കസ്,ഡേവിഡ് കുഅങ്, ഡോ: റെന്‍ലിയാങ് സൂ ചൈനീസ് കമ്മ്യൂണിറ്റി , സാദ് ഖാന്‍ പാക്കിസ്ഥാന്‍ കമ്മ്യൂണിറ്റി എന്നിവര്‍ പങ്കെടുത്ത് പിന്തുണ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം